തട്ടിപ്പുകൾ ഒഴിവാക്കാൻ വിദേശത്ത് ജോലി സജ്ജമാകുമ്പോൾ എംബസി മുഖേന ബന്ധപ്പെടുക : മുഖ്യമന്ത്രി

പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നത് നിലവിൽ സഹായങ്ങൾ നൽകിവരുന്നുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട്‌ സഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.

മടങ്ങി വരുന്ന പ്രവാസികൾക്ക് 30 ലക്ഷം വരെയുള്ള പദ്ധതികൾക്ക് 15 ശതമാനം മൂലധന സബ്സിഡി നൽകുന്നു. 2016 മുതൽ ഇതുവരെ 10,526 പ്രവാസി സംരഭങ്ങൾ തുടങ്ങി. 106 കോടി 38 ലക്ഷം സബ്സിഡിയായി നൽകി. സാമ്പത്തികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സാന്ത്വനം പദ്ധതി നടപ്പിലാക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

33458 പ്രവാസി കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും നമ്മുടെ സഹോദരിമാർ വിദേശത്ത് തട്ടിപ്പിന് ഇരയാകുന്നുണ്ട്. വിദേശത്ത് ജോലി സജ്ജമാകുമ്പോൾ എംബസി മുഖേന ബന്ധപ്പെടുക എന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർഭാഗ്യവശാൽ രാജ്യത്തെ പൗരരുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഒരു നടപടിയും ഇതുവരെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. വിവിധ ഘട്ടങ്ങളിൽ സംസ്ഥാനം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പക്ഷേ അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

24-Mar-2025