വയനാട് പുനരധിവാസം ഒരു മിനിറ്റ് പോലും വൈകാതെ നടപ്പിലാക്കും: മന്ത്രി കെ രാജൻ

കോടതി വിധി സന്തോഷം നൽകുന്ന കാര്യമെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചും തടഞ്ഞിരുന്നില്ല. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍ പ്ലാൻ്റേഷൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. 27 ന് നിശ്ചയിച്ചിരിക്കുന്ന പുനരധിവാസ പദ്ധതികളുടെ ഉദ്ഘാടനത്തിന് തടസ്സമില്ലന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ 27ന് വൈകുന്നേരം 4 മണിക്ക് ടൗൺഷിപ്പിന് തറക്കല്ലിടുമെന്ന് മന്ത്രി അറിയിച്ചു.

സ്ഥലം ഏറ്റെടുക്കലിലെ സർക്കാർ ഉത്തരവ് കോടതി അംഗീകരിച്ചു. നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കടങ്ങൾ കേന്ദ്രം എഴുതിത്ത തള്ളാത്ത സാഹചര്യത്തിൽ ദുരന്തബാധിതരിൽ കടമുള്ളവരുടെ ലിസ്റ്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസം ഒരു മിനിറ്റ് പോലും വൈകാതെ നടപ്പിലാക്കും എന്നും അദ്ദേഹം പറഞ്ഞു.

ഹാരിസൺസ് മലയാളവും എൽസ്റ്റൺ എസ്റ്റേറ്റും നൽകിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അപ്പീൽ. സർക്കാർ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ കോടതി തയ്യാറായില്ല.

ഹരിസൺ മലയാളം സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി. ഹരിസൺ ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നില്ലെന്ന സർക്കാർ സത്യവാങ്ങ്മൂലം പരിഗണിച്ചാണ് ഹർജി തീർപ്പാക്കിയത്. ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ച എൽസ്റ്റൺ എസ്‌റ്റേറ്റിൻ്റെ ഹരജിയിലും കോടതി ഇടപെട്ടില്ല. നഷ്ടപരിഹാരമായി നിശ്ചയിച്ച 26.65 കോടി അപര്യാപ്തമാണ് എന്നായിരുന്നു എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ വാദം.

25-Mar-2025