പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്ന വിവാദ പ്രസ്താവനയുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. പുടിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു സെലന്‍സ്‌കിയുടെ പരാമര്‍ശം.

'ആഗോള ഒറ്റപ്പെടുത്തലില്‍ നിന്ന് റഷ്യയെ പുറത്തു കൊണ്ടു വരാന്‍ അമേരിക്ക സഹായിക്കുന്നില്ല എന്നത് തന്നെ വലിയ പ്രധാനപ്പെട്ട കാര്യമാണ്. ഇത് വളരെ അപകടകരമായ സമയമാണ്,' സെലന്‍സ്‌കി പറഞ്ഞു.

മരണം വരെ അധികാരത്തിലിരിക്കാമെന്നാണ് പുടിന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ യുക്രെയ്‌നില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സെലന്‍സ്‌കി പറഞ്ഞു. 'പുടിന്‍ ഉടന്‍ മരിക്കും, അതൊരു സത്യമാണ്. അതോടെ എല്ലാം അവസാനിക്കും,' സെലന്‍സ്‌കി പറഞ്ഞു.


യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് റഷ്യ ശ്രമിക്കുന്നത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അനിവാര്യമാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. കരിങ്കടല്‍ വഴിയുള്ള വെടിനിര്‍ത്തല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചുവടുവെപ്പാണ്. പൊതുവില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് തങ്ങള്‍ ഒരുക്കമായിരുന്നു എന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

കരിങ്കടല്‍ വഴിയുള്ള വെടിനിര്‍ത്തല്‍ കരാറിന് റഷ്യയും യുക്രെയ്‌നും സമ്മതിച്ചതായി യുഎസ് അറിയിച്ചിരുന്നു. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കമാണ് ഇതെന്നായിരുന്നു യുഎസിന്റെ പ്രതികരണം. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകളും, ഊര്‍ജോല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കില്ല എന്നും കരാറിന്റെ ഭാഗമായി പ്രാബല്യത്തില്‍ വരും. കരിങ്കടല്‍ വഴിയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക എന്നതാണ് വെടിനിര്‍ത്തല്‍ കരാറിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും യു.എസ്. അറിയിച്ചിരുന്നു.

28-Mar-2025