ചെറിയ പെരുന്നാള്‍ ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയതിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി

ചെറിയ പെരുന്നാള്‍ ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയതിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. ഈ നടപടി ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധം. കസ്റ്റംസ് കേരള റീജിയന്‍ ചീഫ് കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.

കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്ക് ചെറിയ പെരുന്നാളിന് അവധി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച അവധി ദിന പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ചെറിയ പെരുന്നാള്‍ ദിനമെന്ന് കത്തില്‍ എംപി ചൂണ്ടിക്കാട്ടി.

ആര്‍ക്കും അവധി നല്‍കരുത് എന്നാണ് സൂപ്പര്‍വൈസര്‍മാര്‍ക്ക് കസ്റ്റംസ് കേരള റീജിയന്‍ ചീഫ് കമ്മിഷണര്‍ നല്‍കിയ നിര്‍ദ്ദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനെന്നാണ് നല്‍കുന്ന വിശദീകരണം.

28-Mar-2025