ഏപ്രിൽ മുതൽ കേരളത്തിൽ വൈദ്യുതി നിരക്ക്‌ കുറയും

ഏപ്രിൽ മുതൽ സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ കുറയുമെന്ന് റിപ്പോർട്ട്. അടുത്ത മാസം മുതൽ യൂണിറ്റിന്‌ 12 പൈസയാണ്‌ കുറയുക. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി മുതൽ ഈടാക്കിയിരുന്ന ഇന്ധന സർചാർ‍ജായ 19 പൈസ ഏപ്രിലിൽ ഏഴ്‌ പൈസയായി കുറഞ്ഞതാണ്‌ നിരക്ക്‌ കുറയാൻ കാരണം.

ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർ‍ജിൽ നിന്നും ഒഴിവാക്കിയാതായി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രിൽ മുതൽ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വർ‍ധനവ് സംസ്ഥാനത്ത് വൈദ്യുതി ചാർ‍ജിൽ ഉണ്ടാകേണ്ടതാണ്‌.

എന്നാൽ ഇന്ധന സർ‍ചാർ‍ജിൽ വന്ന കുറവിലൂടെ വൈദ്യുതി ചാർജിൽ ഉണ്ടാവുന്ന വർധനവ് ഉപഭോക്താക്കൾക്ക് ബാധ്യത ഉണ്ടാക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.

29-Mar-2025