എമ്പുരാന്‍ സിനിമയെച്ചൊല്ലി ബിജെപിയില്‍ വിവാദം

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ സിനിമയെച്ചൊല്ലി ബിജെപിയില്‍ വിവാദം പുകയുന്നതിനിടെ പ്രതികരണവുമായി സെന്‍സര്‍ ബോര്‍ഡ് അംഗം. സെന്‍സര്‍ ബോര്‍ഡിന് നിയമപരമായി പരിമിതികളുണ്ടെന്നും വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഭാഗങ്ങള്‍ നീക്കാനുള്ള അധികാരം അംഗങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് അംഗം ജി എം മഹേഷ് പറഞ്ഞു.

നിയമാവലി അനുസരിച്ച് മാത്രമെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. സിനിമയുടെ ഉള്ളടക്കം വെളിപ്പെടുത്തുന്നതിനും നിയന്ത്രണം ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ കോര്‍കമ്മിറ്റിയിലടക്കം വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം.

'നമുക്ക് പരിമിധികളുണ്ട്. റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. കട്ട് ചെയ്യേണ്ടതായ ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്ത് നീക്കും. സെന്‍സര്‍ ചെയ്ത ഭാഗങ്ങള്‍ ഏതാണെന്ന് നോക്കിയാല്‍ അറിയാനും കഴിയും. നമുക്ക് ഇഷ്ടപ്പെടാത്തതെല്ലാം നീക്കാന്‍ കഴിയില്ല. സെന്‍സര്‍ ചെയ്ത ഭാഗത്തെക്കുറിച്ച് ആരെയും അറിയിക്കാനും സാധിക്കില്ല. വളരെ രഹസ്യമായി ഗൗരവത്തോടെ ചെയ്യുന്ന കാര്യമാണ്', ജി എം മഹേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ എമ്പുരാന്‍ ചര്‍ച്ചയായിരുന്നു. ബിജെപി പശ്ചാത്തലമില്ലാത്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ചതായാണ് വിവരം. ഉള്ളടക്കം സംബന്ധിച്ച് നേതൃത്വത്തെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് നേരത്തെ അറിയിച്ചില്ലെന്നും സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അക്കാര്യങ്ങളെല്ലാം പരിശോധിക്കാമെന്നും സിനിമ ബഹിഷ്‌കരിക്കേണ്ടതില്ലെന്ന നിര്‍ദേശവുമാണ് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വെച്ചതെന്നാണ് വിവരം. ബഹിഷ്‌കരണം ബിജെപിയുടെ നയമല്ലെന്നും കോര്‍കമ്മിറ്റി വ്യക്തമാക്കി.

29-Mar-2025