ഈ ഭരണം പൂർത്തിയാവുമ്പോൾ 1 ലക്ഷം കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പിലാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൻ്റെ വളർച്ച തടയാൻ അർഹതപ്പെട്ട ആനുകൂല്യം തരാതെ ലക്ഷക്കണക്കിന് രൂപ കേന്ദ്രം പിടിച്ചു വെച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആദ്യത്തെ അഞ്ച് വർഷം കിഫ്ബി ഉള്ളത് കൊണ്ടാണ് പ്രതിസന്ധി മറികടന്നതെന്നും ഇതോടെ കിഫ്ബിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“കേരളത്തിൻ്റെ വളർച്ച തടയാൻ അർഹതപ്പെട്ട ആനുകൂല്യം തരാതെ ലക്ഷക്കണക്കിന് രൂപ കേന്ദ്രം പിടിച്ചു വെച്ചു.ആദ്യത്തെ അഞ്ച് വർഷം കിഫ്ബി ഉള്ളത് കൊണ്ടാണ് പ്രതിസന്ധി മറികടന്നത്. റോഡും പാലവുമടക്കം പശ്ചാത്തല വികസനം കിഫ്ബിയിലൂടെ നടപ്പിലാക്കി.അപ്പോൾ കിഫ്ബിയെ ഇങ്ങനെ മുന്നോട്ട് പോകാനനുവദിക്കില്ലെന്ന് തീരുമാനിച്ചു. കിഫ്ബിയുടെ വായ്പ സർക്കാരിൻ്റെ വായ്പ പരിധിയിൽ ഉൾപ്പെടുത്തി. ഈ ഭരണം പൂർത്തിയാവുമ്പോൾ 1 ലക്ഷം കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പിലാക്കും.”- അദ്ദേഹം പറഞ്ഞു.

ആശ – അങ്കണവാടി വർക്കർമാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശ സമരത്തോട് വിരോധമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നാണ് നിലപാടെന്നും പക്ഷേ ആശ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്നും പറഞ്ഞു.

എസ്.യു.സി.ഐ- ജമാ അത്തെ ഇസ്ലാമി – എസ് ഡി പി ഐ ഉൾപ്പെടെ യോജിച്ച് സംസ്ഥാനത്തിനെതിരെ സമരം നടത്തുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സമരത്തിൻ്റെ കുന്തമുന തിരിയേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണെന്നും എന്നാൽ മഴവിൽ സഖ്യമുണ്ടാക്കി കേരളത്തിലെ ഗവൺമെൻ്റിനെ ഇല്ലാതാക്കാനുള്ള നീക്കം നടത്തിയാൽ ജനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“കേന്ദ്രമെടുക്കുന്ന നിലപാടിനനുസരിച്ച് നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അറു പിന്തിരിപ്പൻ ശക്തികളുടെ ഭാഗമായി നിന്ന് തെറ്റിദ്ധാരിപ്പിച്ചാൽ അതിനെ തുറന്നു കാണിക്കും. കേന്ദ്രം സാമ്പത്തിക സഹായം തരാതിരുന്നാൽ കേരളത്തിലെ വികസനം മുടങ്ങില്ല.പുതിയ വഴി കണ്ടെത്തും.കേന്ദ്രത്തിന്റെ സഹായമില്ലാതെ പ്രവർത്തിക്കാനുള്ള ആത്മധൈര്യം കേരളത്തിനുണ്ട്.സാമ്പത്തിക സഹായം നൽകാതിരുന്നാൽ കരഞ്ഞ് വാവിട്ട് നിലവിളിക്കുമെന്നാണ് കരുതുന്നതങ്കിൽ ആ കേരളമല്ല ഇത്.”- എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കേന്ദ്ര സഹായമില്ലാതെ കൽപ്പറ്റക്ക് അടുത്ത് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി പുതിയ ടൗൺഷിപ്പിന് തറക്കല്ലിട്ടുവെന്നും ലോകോത്തര മാതൃകയിൽ ടൗൺഷിപ്പ് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് രണ്ടാം സർക്കാരിൻ്റ നാലാം വാർഷികാഘോഷം വിപുലമായി നടത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

29-Mar-2025