ആരാധനാലയങ്ങളുടെ സമീപം മാംസക്കച്ചവടം നിരോധിച്ച് യോഗി സര്‍ക്കാര്‍
അഡ്മിൻ
അനധികൃത കശാപ്പുശാലകള്‍ അടച്ചുപൂട്ടാനും ആരാധനാലയങ്ങളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മാംസ വില്‍പ്പന നിരോധിക്കാനും ഉത്തരവിട്ട് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഒന്‍പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് നടപടി. മാര്‍ച്ച് 30 നാണ് നവരാത്രി ഉല്‍സവം ആരംഭിക്കുക.ഏപ്രില്‍ 6 ന് രാമനവമിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അന്ന് മൃഗങ്ങളെ കൊല്ലുന്നതും മാംസ വില്‍പ്പനയും പൂര്‍ണ്ണമായും നിരോധിക്കും.
കശാപ്പുശാലകള്‍ ഉടന്‍ അടച്ചുപൂട്ടാനും ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള മാംസ വില്‍പ്പന നിരോധനം നടപ്പിലാക്കാനും നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജത് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും, പോലീസ് കമ്മീഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. നിയമവിരുദ്ധമായി മൃഗങ്ങളെ കൊല്ലുന്നതും മതസ്ഥലങ്ങള്‍ക്ക് സമീപമുള്ള മാംസ വില്‍പ്പനയും പൂര്‍ണ്ണമായും നിരോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റുമാരുടെ അധ്യക്ഷതയില്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, ഗതാഗത വകുപ്പ്, തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടും.1959 ലെ യുപി മുനിസിപ്പല്‍ കോര്പ്പറേഷന് ആക്ട്, 2006, 2011 ലെ ഭക്ഷ്യ സുരക്ഷാ നിയമം എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം, നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.