വഖഫ് നിയമ ഭേദഗതി ബില്ലിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും

വഖഫ് ചർച്ചയ്ക്കിടെ രാജ്യസഭയിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും. എമ്പുരാൻ സിനിമയിലെ 'മുന്ന' ഭരണപക്ഷ ബെഞ്ചിലുണ്ടെന്നും നേമത്തെ പോലെ തൃശൂരിലെ ബിജെപി അക്കൗണ്ടും പൂട്ടിക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു. ഇതിൽ പ്രകോപിതനായ സുരേഷ് ​ഗോപി ക്ഷോഭത്തോടെയാണ് മറുപടി നൽകിയത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം കടലിൽ മുക്കുകയല്ല കേരള ജനത ചവിട്ടി താഴ്ത്തുമെന്ന് തൃശൂർ എംപി പറഞ്ഞു.


മൗലികമായ ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് സിപിഐഎം ഈ നിയമ നിർമാണത്തെ എതിർക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ബിജെപി ദൈവങ്ങളെ തമ്മിൽ വേർതിരിക്കുന്നു. ഹിന്ദു ദൈവങ്ങളെ മുസ്ലീം ദൈവങ്ങളിൽ നിന്ന് ഒറ്റതിരിക്കുന്നു. ദൈവങ്ങൾക്കിടയിൽ എങ്ങനെയാണ് വേർതിരിവ് ഉണ്ടാക്കാൻ സാധിക്കുന്നതെന്നും എംപി ചോദിച്ചു. ഇപ്പോൾ കൊണ്ടുവരുന്ന ഭേദ​ഗതി ഹിന്ദു ദൈവസ്ഥാനങ്ങൾക്ക് ബാധകമല്ലെന്ന് കാട്ടിയായിരുന്നു ചോദ്യം.

2014ലെ തെരഞ്ഞെടുപ്പ് പ്രചരണ പത്രികയിൽ വഖഫ് ഭൂമികളിലെ കയ്യേറ്റങ്ങൾ തടയുമെന്നും വഖഫ് ബോർഡിനെ ശക്തിപ്പെടുത്തുമെന്നും പറഞ്ഞത് ഏത് പാർട്ടിയാണെന്ന് ജോൺ ബ്രിട്ടാസ് കിരൺ റിജിജുവിനോട് ചോദിച്ചു. ബിജെപിയുടെ 2014ലെ തെരഞ്ഞെടുപ്പ് പ്രചരണ പത്രികയിലാണ് അത്തരത്തിലൊരു വാ​ഗ്ദാനം ഉണ്ടായിരുന്നത്. വഖഫിലെ എല്ലാം ഭേദ​ഗതികളും ബിജെപി അം​ഗീകരിച്ചിരുന്നു. ഇപ്പോൾ അവർ മലക്കം മറിഞ്ഞിരിക്കുന്നു.

കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് മഹാത്മാ ​ഗാന്ധി കുത്ത്ബുദ്ദീൻ ബക്തിയാർ കാക്കിയുടെ ദർ​ഗ സന്ദർശിച്ചു. ഇതാണ് ​ഗാന്ധി നൽകിയ സന്ദേശം. ഈ മൂല്യം കൈക്കൊള്ളണമെന്നാണ് ഈ രാജ്യത്തിന്റെ സ്ഥാപകർ ആ​ഗ്രഹിച്ചത്. വഖഫ് ​ബോർഡിനെ ഒറ്റയടിക്ക് മുസ്ലീം ഇതര ഭരണസമിതിയാക്കി മാറ്റിയതാണ് ഈ ബില്ലിന്റെ ഏറ്റവും വലിയ വ്യതിചലനമെന്നും എംപി പറഞ്ഞു. ഇനി വഖഫ് കൗൺസിലിലെ 23 അം​ഗങ്ങളെ എടുത്താൽ അതിൽ 13 പേരും മുസ്ലീം ഇതര വിഭാ​ഗത്തിൽ നിന്നാകുമെന്നും ബ്രിട്ടാസ് ആരോപിച്ചു.

ക്രിസ്ത്യാനികളുടെ പേരിൽ മുതലകണ്ണീരൊഴുക്കുന്നവർ ഇവിടെയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ജോൺ ബ്രിട്ടാസ് മലയാളത്തിലേക്ക് തന്റെ പ്രസം​ഗം മാറ്റിയത്. ഓരോ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ഉത്തരേന്ത്യയിൽ ആക്രമണം നടക്കുന്നു. ഇന്നും ജബൽപൂരിൽ ആക്രമണം നടന്നു. കഴിഞ്ഞ വർഷം മാത്രം 700ലേറെ ആക്രമണങ്ങൾ നടന്നു. മണിപ്പൂരിൽ 200 പള്ളികളാണ് തകർത്തത്. സ്റ്റാൻ സ്വാമിയെ ഒരു തുള്ളിവെള്ളം പൊലും കൊടുക്കാതെ കൊന്നുവെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.

03-Apr-2025