സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ട്: ജോണ്‍ ബ്രിട്ടാസ് എംപി
അഡ്മിൻ
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലും ഒരു സ്ക്രിപ്റ്റ് റൈറ്ററുടെ ആവശ്യമുണ്ടെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പരിഹാസം. ജബല്‍പൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജോണ്‍ ബ്രിട്ടാസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖര്‍ തന്നെ മുന്‍കൈ എടുത്ത് സ്ക്രിപ്റ്റ് റൈറ്ററെ നല്‍കണമെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു.
സുരേഷ് ഗോപി പ്രകടിപ്പിക്കുന്നത് നടന കലയിലെ അദ്ദേഹത്തിന്റെ വൈഭവമായിരിക്കാം. പറയുന്നതിനെ നമ്മള് സീരിയസ് ആയി എടുക്കരുത്. കാരണം അദ്ദേഹം പറയുന്നതിനെ അദ്ദേഹം പോലും സീരിയസ് ആയി എടുക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
കാലിക രാഷ്ട്രീയത്തെക്കുറിച്ച് ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കുറച്ചുകൂടി സഭ്യമായിട്ട് പ്രതികരിക്കാമെന്നും എം.പി പറഞ്ഞു. മുന്നയെന്നും ജൂദാസ് എന്നുമുള്ള പരാമര്‍ശം സുരേഷ് ഗോപിയെക്കുറിച്ചാണെന്ന് അദ്ദേഹത്തിന് തോന്നിയത് അദ്ദേഹത്തിന്റെ നിഷ്കളങ്കത കൊണ്ടാകാമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ജബല്പൂരില് വൈദികര്‍ക്ക് നേരെയുണ്ടായ അക്രമണത്തെക്കിറുച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷോഭിച്ചുകൊണ്ടാണ് സുരേഷ് ഗോപി പ്രതികരിച്ചത്. നിങ്ങള്‍ ആരാണ്? ആരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.