വെള്ളാപ്പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നത് രാഷ്ട്ര വിരുദ്ധതയല്ല: മന്ത്രി സജി ചെറിയാന്‍

വെള്ളിയാഴ്ച വെള്ളാപ്പള്ളിയുടെ സ്വീകരണയോഗത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നത് രാഷ്ട്ര വിരുദ്ധതയല്ലെന്ന് ഈ വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാം. അതിനെ മറ്റൊരു രീതിയില്‍ കാണേണ്ട. വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം. അദ്ദേഹം 30 വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി. ക്ഷണിക്കപ്പെടുന്ന എല്ലാവരും പോകേണ്ടതാണ് – അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. 30 വര്‍ഷമാകുമ്പോള്‍ എന്‍എന്‍ഡിപി ചേര്‍ത്തല താലൂക്കിലെ പ്രധാനപ്പെട്ട ആളുകളെല്ലാം ചേര്‍ന്ന് അദ്ദേഹത്തിനൊരു സ്വീകരണം നല്‍കുന്നു. ആ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഞാന്‍ ആ ദിവസം മറ്റു കുഴപ്പങ്ങളില്ലെങ്കില്‍ പങ്കെടുക്കുകയും ചെയ്യും. അതും അദ്ദേഹത്തിന്റെ പ്രസ്താവനയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രണ്ടും രണ്ടാണ്. ക്ഷണിക്കപ്പെട്ടവരെല്ലാം അവിടെ പോകണമമെന്നാണ് എന്റെ അഭിപ്രായം – അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ സ്വീകരണത്തിന് പോകരുത്, രഹസ്യമായി കണ്ട് പത്ത് വോട്ട് പിടിക്കണം എന്ന് പറയുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ ആരാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാം. അദ്ദേഹത്തിന്റെ പരിപാടിക്ക് പോകുന്നതില്‍ എന്തെങ്കിലും രാഷ്ട്ര വിരുദ്ധതയുണ്ടെന്നുള്ള ധാരണയും എനിക്കില്ല – അദ്ദേഹം വ്യക്തമാക്കി.

08-Apr-2025