രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നു

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി കൊണ്ട് ഇന്നുമുതല്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ നിലവില്‍ വരും. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐകെഎം) രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് കെസ്മാര്‍ട്ട്.

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കിയതിനുശേഷം ആണ് പഞ്ചായത്തുകളില്‍ കൂടി കെ-സ്മാര്‍ട്ട് നിലവില്‍ വരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സര്‍ക്കാരുകളുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കിനല്‍കുന്നത്. ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ നിരവധിയായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട്, ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.

മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന രീതിയിലാണ് കെ- സ്മാര്‍ട്ടിന്റെ ഘടന.

ത്രിതല പഞ്ചായത്തുകളിലെ കെ-സ്മാര്‍ട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. നിലവില്‍ കെ സ്മാര്‍ട്ട് വിന്യസിച്ചിട്ടുള്ള 87 മുന്‍സിപ്പാലിറ്റികള്‍ക്കും 6 കോര്‍പറേഷനുകള്‍ക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് ലഭ്യമാവും.

10-Apr-2025