സംസ്ഥാനത്ത് പുതിയ ഭരണസംസ്കാരം, 25 ലക്ഷം ഫയലുകളിൽ തീരുമാനമെടുത്തു: മുഖ്യമന്ത്രി
അഡ്മിൻ
കെ-സ്മാർട്ട് മുഖേന ഒരു വർഷത്തിനകം സൃഷ്ടിക്കപ്പെട്ടത് 33 ലക്ഷത്തിലേറെ ഫയലുകളാണെന്നും അതിൽ 25 ലക്ഷത്തോളം ഫയലുകളിൽ തീരുമാനം കൈക്കൊണ്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ അഞ്ച് ലക്ഷത്തോളം ഫയലുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ അധിക ജോലിയിലൂടെയും അവധി ദിവസം ജോലിയെടുത്തും തീർപ്പാക്കിയവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകളിൽ കെ-സ്മാർട്ട് വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"സംസ്ഥാനത്ത് പുതിയ ഭരണസംസ്കാരമാണുള്ളത്. ഏറ്റെടുക്കുന്ന കാര്യങ്ങളിലെല്ലാം മികവാർന്ന ഇടപെടൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. മാതൃകാപരമായ ഇടപെടലാണ് ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഭാഗത്ത് ഉണ്ടായത്. ആ ഉദ്യോഗസ്ഥരെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ആ പ്രവർത്തനം മുന്നോട്ടും തുടരണം. സേവനങ്ങൾ സുതാര്യമായി വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള മുൻകൈയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരും ജനങ്ങളും തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്നതിന് അത് സഹായകരമാകും," മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സർക്കാർ ഓഫീസുകളിൽ സ്വാർത്ഥരായ ചിലരുണ്ടെന്നും അത് അവസാനിപ്പിക്കാനുള്ള വലിയ ശ്രമമാണ് കെ-സ്മാർട്ട് പദ്ധതിയിലൂടെ സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. "സർക്കാർ ഓഫീസുകളിൽ പോകുന്ന ആളുകൾക്ക് തിക്തമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ ആളിൻ്റേയും ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കില്ല എന്ന വാശി ചില ദുർമുഖങ്ങൾക്ക് കാലാകാലമായി ഉണ്ടായിരുന്നു. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആകെ മോശക്കാരല്ല. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരുണ്ട്. ചിലർക്ക് അവരുടെ കാര്യങ്ങളിലാണ് താൽപ്പര്യം. അത് അവസാനിപ്പിക്കാനുള്ള വലിയ ശ്രമമാണ് സർക്കാർ നടത്തുന്നത്," മുഖ്യമന്ത്രി പറഞ്ഞു.
"മാറുന്ന കാലത്തിന് അനുസരിച്ച് സിവിൽ സർവീസിനെ നവീകരിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. അതിന്റെ ഭാഗമായാണ് കെ സ്മാർട്ട് വ്യാപിപ്പിച്ചത്. സേവനങ്ങൾ സുതാര്യമായി വേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള മുൻകൈയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരും ജനങ്ങളും തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്നതിന് അത് സഹായകരമാകും. ഏറ്റെടുക്കുന്ന കാര്യങ്ങളിലെല്ലാം മികവാർന്ന ഇടപെടൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. സംസ്ഥാനത്ത് പുതിയ ഭരണസംസ്കാരം നിലവിൽ വന്നിട്ടുണ്ട്. ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ യുവതകളുടെ ശേഷി സർക്കാർ വർധിപ്പിക്കുകയാണ്. രാജ്യത്ത് കേരളം മാത്രമാണ് ഇൻ്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം," മുഖ്യമന്ത്രി വ്യക്തമാക്കി.