മിന്നല്‍ ഹര്‍ത്താല്‍: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

മിന്നല്‍ ഹര്‍ത്താലിലെ പൊതുനാശനഷ്ടത്തിന് ഹര്‍ത്താല്‍ നടത്തിയ പിഎഫ്ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി. ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി സ്വത്ത് വില്‍പ്പന നടത്തണമെന്നാണ് കോടതി നിര്‍ദേശം.

ആറാഴ്ച്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ക്ലെയിംസ് കമ്മീഷണര്‍ കണക്കാക്കിയ 3.94 കോടിയ്ക്കനുസൃതമായ സ്വത്തുക്കളാണ് വില്‍പ്പന നടത്തേണ്ടത്. കണ്ടുകെട്ടിയവയില്‍ പിഎഫ്‌ഐയുടെ സ്വത്തുവകകള്‍, ദേശീയ-സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കളുടെ സ്വത്തുവകകള്‍ എന്നിങ്ങനെ തരം തിരിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റേതായ സ്വത്തുക്കള്‍ ആദ്യവും പിന്നീട് നേതാക്കളുടെ സ്വത്തുക്കള്‍ എന്നിവയും വിറ്റ് നഷ്ടപരിഹാരം ഈടാക്കണം.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് 2023 സെപ്തംബര്‍ 23നാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്.

11-Apr-2025