ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് കെ.ടി. ജലീല്‍

വഖഫ് സമരവും മുസ്ലീം ബ്രദർഹുഡും തമ്മിൽ എന്തു ബന്ധമെന്ന് കെ.ടി. ജലീൽ എംഎല്‍എ. 'രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തിക്കാട്ടിയതിൻ്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല' എന്നായിരുന്നു ജലീലിന്‍റെ വിമർശനം. ജമാഅത്തെ ഇസ്ലാമി ഉയർത്തിക്കാട്ടിയ ഫോട്ടോകൾ സൗദി അറേബ്യയിലോ, യു.എ.ഇ ഉൾപ്പടെയുള്ള മുസ്ലീം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താൻ അവർക്ക് സാധിക്കുമോ എന്നും കെ.ടി. ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലീം ലീഗ് ഒരേ സമയം വേട്ടക്കാരനെയും ഇരയേയും രണ്ടു കൈ വെളളകളിൽ പൊക്കിപ്പിടിച്ച് നടക്കുന്നത് അങ്ങേയറ്റം കാപട്യമെന്നും കെ.ടി. ജലീല്‍ ആരോപിച്ചു.

വഖഫ് നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംഘടിപ്പിച്ച സമരം തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയെന്ന് വിമര്‍ശനവുമായി സമസ്ത എ പി വിഭാഗവും രംഗത്തെത്തിയിരുന്നു. അല്‍ ഖയ്ദ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനം നല്‍കിയത് മുസ്ലിം ബ്രദര്‍ഹുഡ് ആണ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധകവിഭാഗം, മൗദൂദിയുടെ കൃതികള്‍ക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദര്‍ഹുഡ് നേതാക്കളുടെ കൃതികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുവെന്നും സിറാജ് മുഖപ്രസംഗത്തില്‍ പറയുന്നു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചുകൊണ്ട് സോളിഡാരിറ്റിയും എസ്‌ഐഒയും പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ്, ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രതിഷേധത്തിനിടെ ഉയര്‍ത്തിയത്.


കെ.ടി. ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വഖഫ് സമരവും മുസ്ലിം ബ്രദർഹുഡും തമ്മിൽ എന്തു ബന്ധം?

ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ 'സോളിഡാരിറ്റി'യും വിദ്യാർത്ഥി സംഘടനയായ 'എസ്.ഐ.ഒ'യും വഖഫ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കരിപ്പൂർ എയർപോർട്ട് മാർച്ച് വലിയൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ, സയ്യിദ് ഖുതുബ്, ഹസനുൽ ബന്ന, തുടങ്ങിയ മുസ്ലിം ബ്രദർഹുഡ് നേതാക്കൾ അടക്കം, രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തിക്കാട്ടിയതിൻ്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

ജമാഅത്തെ ഇസ്ലാമി ഉയർത്തിക്കാട്ടിയ ഫോട്ടോകൾ സൗദി അറേബ്യയിലോ, യു.എ.യി ഉൾപ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താൻ അവർക്ക് സാധിക്കുമോ? ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും, സയ്യിദ് ഖുതുബും, ഹസനുൽ ബന്നയും ചേർന്ന് രൂപീകരിച്ച 'മുസ്ലിം ബ്രദർഹുഡ്ഢ്' നിരോധിത സംഘടനയാണ്. ഖുതുബും, ബന്നയും ഉയർത്തിപ്പിച്ച മതരാഷ്ട്ര ആശയത്തോട് അവിടങ്ങളിലെ മുസ്ലിം സമൂഹത്തിനോ ഭരണകർത്താക്കൾക്കോ യാതൊരു യോജിപ്പുമില്ല.

12-Apr-2025