തമിഴ്നാട്ടിൽ ഗവർണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത ബില്ലുകൾ നിയമമായി

ഗവർണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകൾ തമിഴനാട്ടിൽ നിയമമായി. ഇന്ത്യൻ നിയമസഭകളുടെ ചരിത്രത്തിൽ അസാധാരണ നടപടിയാണ് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ ഈ തീരുമാനമുണ്ടായത്. ഏപ്രിൽ 11നാണ് 10 നിയമങ്ങൾ സംസ്ഥാന ഗസറ്റിൽ തമിഴ്നാട് സർക്കാർ നോട്ടിഫൈ ചെയ്തത്.

ഈ ബില്ലുകൾ സംസ്ഥാന സർക്കാർ പാസാക്കി അനുമതിക്കായി ഗവർണർക്ക് അയച്ചുവെങ്കിലും ദീർഘകാലം അത് പിടിച്ചുവെച്ചതിന് ശേഷം അദ്ദേഹം അത് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. തമിഴ്നാട് നിയമവകുപ്പാണ് ബില്ലുകൾ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത്. ഗവർണറുടേയും രാഷ്ട്രപതിയുടേയും അനുമതി ലഭിക്കാതെ ഒടുവിൽ സുപ്രീംകോടതി ഇടപെടലിലാണ് ബില്ലുകൾ നിയമങ്ങളാവുന്നത്.

നേരത്തെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ ആർട്ടിക്കിൾ 200-ന്റെ ലംഘനവുമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. ബില്ലുകൾ വീണ്ടും സമർപ്പിച്ച തീയതിയായ 2023 നവംബർ 18-ന് അംഗീകാരം ലഭിച്ചതായി കണക്കാക്കണമെന്ന് കോടതി പ്രസ്താവിച്ചിരുന്നു. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അവകാശമുള്ളൂവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

13-Apr-2025