തമിഴ്നാട്ടിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയ ഗവർണർ ആർ.എൻ. രവിയുടെ രാജിക്ക് സമ്മർദം ഏറുന്നു. മധുരയിലെ ഗവ.എയ്ഡഡ് കോളജിൽ നടന്ന പരിപാടിയിൽ ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതാണ് വിവാദമായിരിക്കുന്നത്. സാഹിത്യ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തത് കോളജിലെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഗവർണർ ആർ.എൻ. രവി ആയിരുന്നു. സമ്മാനം നൽകിയതിന് ശേഷം അദ്ദേഹം വിജയികളെ അഭിനന്ദിച്ചു.
നിങ്ങളുടെ വേരുകൾക്ക് ഉറപ്പു നൽകാൻ ഈ വിജയം ആത്മവിശ്വാസം നൽകും. വിജയം നേടാനുള്ള വഴികൾ ഇവിടെ തന്നെയുണ്ട്. നമ്മളത് കണ്ടെത്തണം എന്നുമാത്രം. ഇതൊരു നിമിത്തമായി എടുക്കണം, എന്ന് പറഞ്ഞതിന് പിന്നാലെയാണ് ജയ് ശ്രീറാം വിളിക്കണം എന്ന് ഗവർണർ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ഗവർണർ നിർദേശത്തിന് പിന്നാലെ വിദ്യാർഥികൾ മൂന്നു തവണ ജയ് ശ്രീറാം എന്ന് വിളിച്ചു.
ഗവർണറുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തമിഴ്നാട് സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം രംഗത്തുവന്നു. ഗവർണർ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന ആരോപണമുയർന്നു. പൊതുചടങ്ങിനിടെ പ്രത്യേക മതത്തിന്റെ ദൈവനാമം ഉച്ചരിച്ച ഗവർണർ ഭരണഘടന ലംഘിച്ചുവെന്നും സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശനമുണ്ടായി.
ഇന്ത്യൻ ഭരണഘടനയിലെ 159ാം വകുപ്പ് പ്രകാരമാണ് ആർ.എൻ. രവി തമിഴ്നാട് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനയെയും നിയമത്തെയും തന്റെ കഴിവിന്റെ പരമാവധി സംരക്ഷിക്കുമെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി സ്വയം സമർപ്പിക്കുമെന്നും അദ്ദേഹം സത്യപ്രതിജ്ഞയിൽ ഉറപ്പു നൽകിയിരുന്നു. ഏപ്രിൽ 12ന് ഒരു പ്രത്യേക മതത്തിന്റെ ദൈവത്തിന്റെ നാമം ഉച്ചരിക്കുകയും വിദ്യാർഥികളോട് അത് മൂന്ന് തവണ ആവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തതു വഴി ആർ.എൻ. രവി ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിലും പിന്തുടരുന്നതിലും പരാജയപ്പെട്ടു. എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
ഈ സാഹചര്യത്തിൽ ഭരണഘടന ലംഘിച്ച അദ്ദേഹത്തെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ അടിയന്തര പ്രശ്‌നങ്ങൾ പ്രത്യേകിച്ച് നീറ്റ് വിവാദവുമായി ബന്ധപ്പെട്ട് രൂപീകരിച്ചതാണ് സ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഫോർ കോമൺ സ്‌കൂൾ സിസ്റ്റം.