പറഞ്ഞത് സ്വന്തം അനുഭവമെന്ന് ദിവ്യ എസ്. അയ്യർ

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ച സംഭവത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ്. അയ്യർ. ചില മനുഷ്യരുടെ നന്മകൾ ലോകത്തോട് വിളിച്ചുപറഞ്ഞതിനാണ് വിമർശനവും കയ്പ്പേറിയ പ്രതികരണം നേരിട്ടതെന്ന് ദിവ്യ പറഞ്ഞു. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞത്.

ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നുവെന്നും ദിവ്യ പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് ദിവ്യ എസ്. അയ്യർ കെ.കെ. രാഗേഷിനെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച പോസ്റ്റ്.

ദിവ്യയുടെ പോസ്റ്റിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. എ.കെ.ജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാറിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും എന്നാൽ സർക്കാറിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ്. അയ്യരെന്ന് വിജിൽ മോഹനൻ പറഞ്ഞു.

16-Apr-2025