വഖഫിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് ഇടത് നേതാക്കൾ
അഡ്മിൻ
വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ഇടത് നേതാക്കൾ. ആശ്വാസകരമായ വിധിയാണ് സുപ്രീം കോടതിയുടേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേന്ദ്രത്തിന്റെ തോന്നിവാസത്തിന് ഏറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. വഖഫിൽ കോടതി കൃത്യമായ നിലപാട് സ്വീകരിച്ച് പോകുമെന്ന് പ്രതീക്ഷിക്കുന്നു. അന്തിമ വിധിയും അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സുപ്രീം കോടതി പൂർണമായ വിധി വന്നാൽ മാത്രമേ നിലപാട് വ്യക്തമാക്കാൻ പറ്റു എന്നാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമക്യഷ്ണൻ പറഞ്ഞത്. സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ വിധി. മുനമ്പം വിഷയത്തിൽ കൈവശകാരുടെ അവകാശം സംരക്ഷിക്കാനാണ് സർക്കാരും എൽഡിഎഫും നിലകൊള്ളുന്നത്. അതുകൊണ്ടാണ് ജുഡീഷ്യൽ കമ്മീഷനെ സംസ്ഥാന സർക്കാർ നിയമിച്ചതെന്നും ടി.പി. രാമക്യഷ്ണൻ പറഞ്ഞു.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിജെപിക്ക് ഭരണഘടനയും കോടതിയും ബാധകമല്ല. അവർക്കിതെല്ലാം പുല്ലാണ്. ബിജെപിക്ക് ബാധകം ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം മാത്രം. മനുസ്മൃതിയിലാണ് അവരുടെ വിശ്വാസം. വഖഫിലൂടെ മുനമ്പത്ത് എത്തിയ ബിജെപിക്ക് വന്നതുപോലെ പോകാം.
ആർഎസ്എസിന്റെയും ബിജെപിയുടെയും ഇസ്ലാം വിരുദ്ധ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനേറ്റ അടിയാണ് സുപ്രീം കോടതി വിധി. ഒരു പാഠവും ബിജെപി പഠിക്കാൻ സാധ്യതയില്ല. ആർഎസ്എസിന് വർഗീയ ഫാസിസ്റ്റ് ചിന്താഗതിയാണ്. അന്ധമായ ഇസ്ലാം വിരോധം. ബിജെപി എല്ലാ അർത്ഥത്തിലും കബളിപ്പിക്കലിന്റെ പാർട്ടിയാണ്. ആ പാർട്ടിയുടെ കാപട്യം ഓരോന്നായി തുറന്നു കാണിക്കപ്പെടുന്നു. മുസ്ലിം ശത്രുക്കളെ ആക്രമിക്കാനാണ് ബിജെപിക്ക് ക്രിസ്തീയ സ്നേഹമെന്നും ബിനോയ് വിശ്വം പറഞ്ഞു.