ആർ.എസ്.എസും ബി.ജെ.പിയും ഭിന്നിപ്പിച്ച് കലാപത്തിന് പ്രേരിപ്പിക്കുന്നു: മമത ബാനർജി

സംസ്ഥാനത്തിനെതിരായ ക്രൂരമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആർ‌.എസ്‌.എസിനെ പരാമർശിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ശനിയാഴ്ച അർധരാത്രി പുറത്തുവിട്ട പ്രസ്താവനയിൽ ബംഗാളിൽ സമാധാനം സ്ഥാപിക്കാൻ അവർ ജനങ്ങളോട് അഭ്യർഥിച്ചു. ‘ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ബംഗാളിൽ ​ധ്രുതഗതിയിൽ ആക്രമകാരികളായി. ഈ സഖ്യകക്ഷികളിൽ ആർ‌.എസ്‌.എസും ഉൾപ്പെടുന്നു.

ഞാൻ മുമ്പ് ആർ‌.എസ്‌.എസ് എന്ന പേര് പരാമർശിച്ചിട്ടില്ല. പ​​ക്ഷെ, ഇപ്പോൾ അവരെ തിരിച്ചറിയാൻ നിർബന്ധിതയായിരിക്കുന്നു. അവരെല്ലാം ഒരുമിച്ച് സംസ്ഥാനത്തിനെതിരെ ദുഷ്ടലാക്കോടെ വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുന്നു’വെന്നും മമത പ്രസ്താവനയിൽ വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണിത്.

പ്രകോപനത്തിന്റെ പേരിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തെ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ അവർ ഉപയോഗിക്കുന്നു. ‘വിഭജിച്ച് ഭരിക്കുക’ എന്ന ഗെയിം കളിക്കാൻ പദ്ധതിയിടുന്നു. ദയവായി ശാന്തത പാലിക്കണമെന്നാണ് എന്റെ അഭ്യർത്ഥന. വർഗീയ കലാപങ്ങളെ ഞങ്ങൾ അപലപിക്കുന്നു. അവയെ നിയന്ത്രിക്കണം.

കലാപത്തിന് പിന്നിലെ കുറ്റവാളികളെ ശക്തമായി കൈകാര്യം ചെയ്യുന്നു. അതേസമയം, പരസ്പര അവിശ്വാസം ഒഴിവാക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം സംരക്ഷിക്കുകയും വേണമെന്നും മമത പറഞ്ഞു.

20-Apr-2025