ബിജെപി-എഐഎഡിഎംകെ സഖ്യത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വഖഫ് ബില്ലിനെതിരെ പാർലമെന്റിൽ വോട്ട് ചെയ്ത സാഹചര്യത്തിൽ, ഇത് അവസരവാദപരവും അസ്ഥിരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
"എഐഎഡിഎംകെ ബില്ലിനെതിരെ വോട്ട് ചെയ്ത അതേ ദിവസം തന്നെ, ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഒരു നിയമനിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്ന ബിജെപിയുമായി അവർ കൈകോർക്കുന്നത് കണ്ടു," ശനിയാഴ്ച ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെ സന്ദർശിച്ച ശേഷം അദ്ദേഹംപറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തില്ലെങ്കിലും, രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇരു നേതാക്കളും പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്. "ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്‌നാടിന്റെ രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തില്ലെന്ന് ഞങ്ങൾ ഒരേ നിലപാടിലാണ്," ബേബി പറഞ്ഞു.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ കെ ബാലകൃഷ്ണൻ, യു വാസുകി, പാർട്ടി സംസ്ഥാന സെക്രട്ടറി പി ഷൺമുഖം എന്നിവരും ബേബിക്കൊപ്പമുണ്ടായിരുന്നു. "സംസ്ഥാനത്ത് വർഗീയതയില്ലാത്ത, ജനാധിപത്യ, പുരോഗമന ശക്തികളെ ഒന്നിപ്പിക്കുന്ന ശക്തമായ ഒരു രാഷ്ട്രീയ വേദി കെട്ടിപ്പടുത്തതിന് മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയെയും ഞങ്ങൾ അഭിനന്ദിച്ചു," അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ വർഗീയ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നത് ഇത് തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.