ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിന്റെയും ശ്രീനാഥ് ഭാസിയുടെയും പങ്ക് അന്വേഷിക്കാൻ എക്സൈസ്
അഡ്മിൻ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങളുടെ ബന്ധം അന്വേഷിച്ച് എക്സൈസ്. ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളെന്ന തസ്ലിമയുടെ മൊഴിയിൽ വ്യക്തത വരുത്താൻ ഇന്നും കൂടുതൽ ചോദ്യം ചെയ്യും. ലഹരിക്കേസിൽ തുടർനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുകയും ചെയ്യും.
തസ്ലീമ പറഞ്ഞ കാര്യങ്ങൾ അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. താനും സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നാണ് തസ്ലീമ പറഞ്ഞിരുന്നത്. നേരത്തെ ഇവരുമായി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് തസ്ലീമ മൊഴി നൽകിയിരുന്നത്. ഇരു നടന്മാരെയും അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നാണ് പൊലീസിന്റെ നിഗമനം.
സിനിമാ മേഖലയിലേക്കും അന്വേഷണം നീളുമെന്നും പ്രതികളുടെ മൊഴി മാത്രം മുഖവിലയ്‌ക്കെടുക്കില്ലെന്നും അസി. എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെയാണ് എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡ് ചെയ്ത് 20 ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.