ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കുന്ന ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കുന്ന ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ അധ്വാനം വിറ്റാണ് ഡിവൈഎഫ്‌ഐ ഇത്ര വലിയ തുക സമാഹരിച്ചതെന്നും ആക്രി വിറ്റുവരെ അവര്‍ പണമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയേയും പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച് 9 മാസം കഴിഞ്ഞിട്ടും വയനാടിനായി ചില്ലിക്കാശ് പോലും തന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിപുരയ്ക്ക് 400 കോടി നല്‍കി. ബീഹാറിന് 5000 കോടി നല്‍കി. ആന്ധ്രാ , തമിഴ്‌നാട്, സിക്കിം എല്ലാവര്‍ക്കും നല്‍കി. കേരളത്തിന് മാത്രം ഒന്നും നല്‍കിയില്ല.ബി.ജെ.പിയ്ക്ക് രാഷ്ട്രീയ അംഗീകാരമില്ലാത്തതിന്റെ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് കേന്ദ്രം. കേന്ദ്ര സഹായം ഇല്ലെന്ന് പറഞ്ഞ് വിലപിച്ചിരിയ്ക്കുകയല്ല കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തബാധിതര്‍ക്ക് അവരുടെ സാമൂഹ്യ ജീവിതം നഷ്ടപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പായി ഒരുമിച്ച് താമസിപ്പിക്കണം എന്നാണ് ദുരന്തബാധിതര്‍ പറഞ്ഞത്. സാമൂഹൃ ജീവിതം നിലനിര്‍ത്താനാണ് ശ്രമിയ്ക്കുന്നത്. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്താണ് ഓരോ ഘട്ടത്തിലും തീരുമാനമെടുത്തത്. കര്‍ണാക സര്‍ക്കാര്‍ 100 വീട് വച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടി 100 വീടുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

22-Apr-2025