നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു
അഡ്മിൻ
നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഡൽഹി റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് ഇഡിയോട് നിർദ്ദേശിച്ചു.
ഇഡിയുടെ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഇപ്പോഴത്തെ ഘട്ടത്തിൽ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകണമെന്നും കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കാനുള്ള തീയതി മെയ് 2ക്ക് മാറ്റിയിട്ടുണ്ട്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എജെഎല്ലിന്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ കമ്പനി തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഇവർ യംഗ് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടർമാരാണ്.കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, ഇഡി സ്വത്തുക്കൾ കണ്ടുകെട്ടലിനുള്ള നടപടികൾ തുടക്കമിട്ടിരുന്നു.
ഡൽഹി, മുംബൈ, ലക്‌നൗ തുടങ്ങിയ നഗരങ്ങളിലായി 700 കോടി രൂപയിലധികം വിലമതിക്കുന്ന എ ജെ എൽ ന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.മുംബൈയിലെ നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ വാടകക്കാർക്കും ഇഡി നോട്ടീസ് നൽകി. കെട്ടിടത്തിന്റെ വാടക ഇനി മുതൽ ഇഡി ഡയറക്ടറുടെ പേരിൽ അടക്കണം എന്ന നിർദ്ദേശം ജിൻഡാൽ ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്.