സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിലക്കിയെന്ന വാർത്തകൾ വസ്തുതാ വിരുദ്ധം: പി.കെ ശ്രീമതി
അഡ്മിൻ
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിലക്കിയെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി. ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു. വൈകുന്നേരം കണ്ണൂരില്‍ മാധ്യമങ്ങളെ കാണുമെന്നും ശ്രീമതി പറഞ്ഞു. മാതൃഭൂമി ഇന്ന് നൽകിയ വാർത്ത അടിസ്ഥാനരഹിതമാണെന്നും പിൻവലിക്കണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.
കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയെന്നായിരുന്നു മാതൃഭൂമി നൽകിയ വാർത്ത. മധുര പാർട്ടി കോൺഗ്രസിൽ ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ആ പ്രത്യേക ഇളവ് ഇവിടെ നൽകിയിട്ടില്ലെന്ന് സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോൾ ശ്രീമതിയോട് പിണറായി പറഞ്ഞുവെന്നാണ് വാർത്തയിൽ പറയുന്നത്.
വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തില്ല. ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയിൽനിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എ.കെ. ബാലനടക്കം ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയിലാണ് ശ്രീമതിക്കും സംസ്ഥാനകമ്മിറ്റി യോഗത്തിൽ അവസരം നൽകിയതെന്നുമാണ് വാർത്തയിൽ പറയുന്നത്.