സിപിഎമ്മിനെ തകര്‍ക്കാന്‍ കരുവന്നൂര്‍ കേസില്‍ പാര്‍ട്ടിയേയും നേതാക്കളെയും പ്രതിയാക്കി: കെ രാധാകൃഷ്ണൻ എംപി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് കെ രാധാകൃഷ്ണന്‍ എംപി. സിപിഎമ്മിനെയും സര്‍ക്കാരിനെയും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 13നാണ് ആദ്യ നോട്ടീസ് കിട്ടുന്നത്.

ആവശ്യപ്പെട്ട രേഖകള്‍ ഒക്കെ 17ന് തന്നെ കൈമാറിയിരുന്നു. മൊഴികൊടുക്കുന്ന സമയത്ത് കൃത്യമായ മറുപടി നല്‍കി. നിങ്ങള്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞ് ആണ് മടക്കിയതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇഡി പ്രതി ചേര്‍ത്തതില്‍ യാതൊരു വേവലാതിയും ഇല്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. രാഷ്ട്രീയപരമായ നിലപാട് ഉണ്ട് ഇതിന് പിന്നില്‍. പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുകയാണ് ലക്ഷ്യം. സഹായവുമായി ഒരാള്‍ സമീപിക്കുമ്പോള്‍ സഹായിക്കുക എന്നുള്ളത് പൊതുപ്രവര്‍ത്തനമാണ്. സ്വന്തമായി നേട്ടമുണ്ടാക്കാനുള്ള ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ തകര്‍ക്കാന്‍ കരുവന്നൂര്‍ കേസില്‍ പാര്‍ട്ടിയേയും നേതാക്കളെയും പ്രതിയാക്കി. കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗിച്ചു. അതിജീവിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടി നടത്തും. വ്യക്തിപരമായ താല്‍പര്യത്തിനും നേട്ടത്തിനും വേണ്ടി യാതൊന്നും ഉപയോഗിച്ചിട്ടില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

26-May-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More