മന്ത്രി കെ.ബി. ഗണേഷ് കുമാർ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനങ്ങൾ അറിയണമെന്നും, അദ്ദേഹത്തിനെതിരെ താൻ കേസ് നൽകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കേസും കൂട്ടവുമായി നടക്കരുതെന്നാണ് മന്നത്ത് പത്മനാഭൻ പറഞ്ഞിരുന്നതെന്നും അതാണ് താൻ പാലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കില്ലെന്നും സംഘടനയോട് തനിക്ക് വിരോധമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ജനറൽ സെക്രട്ടറിയെ മാറ്റാൻ കഴിയുക സുകുമാരൻ നായരുടെ കരയോഗത്തിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുകുമാരൻ നായരുടെ ‘കരാള ഹസ്തത്തിൽ’ നിന്ന് മോചനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനാപുരത്തെ തന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു. തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ തുറന്നുപറയിപ്പിക്കാതിരിക്കുന്നതാണ് സുകുമാരൻ നായർക്ക് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സുകുമാരൻ നായരുടെ മകളെയും മകനെയും കൊച്ചുമക്കളെയും കുറിച്ച് തനിക്ക് പറയാനുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
എൻഎസ്എസ് വഴി ലഭിച്ച നേട്ടങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് നായർ സമുദായ അംഗങ്ങൾ ഓർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ തന്റെ കൈവശമുണ്ടെന്നും ഗണേഷ് കുമാർ അവകാശപ്പെട്ടു. ധനലക്ഷ്മി ബാങ്ക് വിഷയത്തിൽ സുകുമാരൻ നായരെ രക്ഷിക്കാൻ ശ്രമിച്ച വ്യക്തി ഇപ്പോൾ മറ്റൊരു കേസിൽ ജയിലിലാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ബദൽ സംഘടന രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിലവിലുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.