കണ്ടെയ്നര്‍ അടിഞ്ഞസ്ഥലങ്ങളില്‍ എന്‍.ഡി.ആര്.എഫ് സേവനം വിനിയോഗിക്കും: മന്ത്രി കെ. എന്‍. ബാലഗോപാല്‍
അഡ്മിൻ
മുങ്ങിയ കപ്പലില്‍നിന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ മാറ്റുന്നതിനായി ദുരന്തനിവാരണപ്രവര്ത്തനവൈദഗ്ധ്യമുള്ള എന്‍.ഡി.ആര്.എഫിന്റെ സേവനം വിനിയോഗിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അപകടരഹതിമായ പ്രശ്നപരിഹാരത്തിനാവശ്യമായ നിര്‍ദേശങ്ങളും നല്കി.
രാസപദാര്‍ത്ഥങ്ങള്‍ ചോരാന്സാധ്യതയുള്ളതിനാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കണം. നിലവില്‍ ആശങ്കയ്ക്ക് സാഹചര്യമില്ലെന്നും അറിയിച്ചു. പൊതുജനങ്ങള്‍ തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ക്ക് സമീപത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. കടലില്‍നിന്ന് ഒഴുകിവരുന്ന സാധനങ്ങള്‍ സ്പര്‍ശിക്കാനും അനുവദിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്കി.
മഴക്കാല മുന്നൊരുക്കമാണ് തുടര്‍ന്ന് വിലയിരുത്തിയത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴയുമായി ബന്ധപ്പെട്ട ദുരന്തനിവാരണത്തിന് പൂര്ണസജ്ജമാകണം. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടകള്‍ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കണം. വൈദ്യുതിതടസം പരിഹരിക്കാന്‍ ദ്രുതഗതിയില്‍ നടപടി വേണം. പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകള്‍ തദേശതലത്തില് നടപ്പാക്കണം. സ്കൂള്‍ തുറക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തും.
സ്കൂള്‍ വളപ്പിലുള്ള അപകടകനിലയിലായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വിദ്യാഭ്യാസ-വനം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കിയെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. സ്കൂള്‍ പരിസരങ്ങളിലെ ശുചിത്വം ഉറപ്പാക്കാനും, മാലിന്യ സംസ്കരണം, കുടിവെള്ള സ്രോതസ്സുകളില്‍ നടത്തേണ്ട അണുനശീകരണം, സ്കൂളുകളുടെ ഫിറ്റ്നസ് സംബന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്, സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള നടപടികള്‍ ത്വരിതപെടുത്തണം.
വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളസ്ഥലങ്ങള് മുന്‍കൂട്ടി കണ്ടെത്തി നടപടിസ്വീകരിക്കാന്‍ തദേശസ്ഥാപനങ്ങളുടെ അധ്യക്ഷര്‍ക്ക് നിര്‍ദേശം നല്കി. ദേശീയപാതയില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലങ്ങളില്‍ കരാറുകാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്തസംഘം പരിശോധനനടത്തണം. വിനേങ്വസഞ്ചാരകേന്ദ്രങ്ങളില് പ്രത്യേക ജാഗ്രത വേണം. ലൈഫ് ഗാര്‍ഡുകള്‍, ആര് ആര് ടി ഒ സംഘം എന്നിവരുടെ സേവനം ഉറപ്പാക്കണം.
കായലുകള്‍, ബീച്ചുകള്‍, വെള്ളചാട്ടം, കുന്നിന്‍പ്രദേശത്തെ കേന്ദ്രങ്ങള്‍ എന്നിവ താത്കാലികമായി അടച്ചിടാന്‍ തദേശസ്ഥാപനങ്ങള്‍ നിര്‍ദേശം നല്‍കണം. ജലജന്യ രോഗങ്ങള്‍ തടയാന്‍ തദേശസ്ഥാപനങ്ങളും, ജല വകുപ്പും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. വൈദ്യുതി തടസംവഴി ജീവന്‍രക്ഷ മരുന്നുകള്‍ ഇല്ലാതാകുന്നത് തടയാന്‍ വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കണം. മരങ്ങള്‍ വീണുള്ള വൈദ്യുതിമുടക്കം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയത്.
ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാജീവന്, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ഉല്ലാസ്, വിവിധ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍, എ ഡി എം ജി നിര്‍മല്‍ കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
26-May-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ