വികസന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് അനിവാര്യം: മന്ത്രി പി രാജീവ്
അഡ്മിൻ
വികസന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് അനിവാര്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, എം.എല്‍.എ എന്നിവര്‍ വികസന കാര്യങ്ങളില്‍ ഒരുമയോടെ പ്രവര്‍ത്തിക്കുമ്പോഴാണ് നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുക. അത്തരത്തില്‍ നോക്കുമ്പോള്‍ പിണ്ടിമനയിലേത് നല്ല മാതൃകയാണ്.
നാടിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അതിനുതകുന്ന വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന എം.എല്‍.എയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് 3.2 കോടി രൂപ ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ച കനാല്‍ ബണ്ട് റോഡുകള്‍, ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന കായിക നയത്തിന്റെ ഭാഗമായി ജലസേചന വകുപ്പ് പിണ്ടിമന ഗ്രാമ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥലത്ത് എം.എല്‍.എ ആസ്തി വികസന ഫണ്ട് 30 ലക്ഷം രൂപ വിനിയോഗിച്ച് വികസിപ്പിച്ച അയിരൂര്‍പ്പാടം ഫുട്ബോള്‍ മൈതാനം, ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത് 1.25 ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മ്മിച്ച ഭൂതത്താന്‍കെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടി ഓക്സിജന്‍ ബയോഡൈവേഴ്സിറ്റി പാര്‍ക്ക് എന്നീ മൂന്നു പദ്ധതികളാണ് ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്.