യുവനേതാവ് എന്ന നിലയിൽ സ്വരാജിന് വലിയ അംഗീകാരം ജനങ്ങൾ നൽകിയിട്ടുണ്ട്: ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂരിൽ യുഡിഎഫിന്‍റെ അവസ്ഥ ദയനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആവേശമാണ് ഉണ്ടായിരിക്കുന്നത്.

യുഡിഎഫിന്റെ അവസ്ഥ ദയനീയമാണ്. അൻവറിനെ ഒഴിവാക്കി എന്ന് പറയാനാകാത്ത യുഡിഎഫിന്റെ ഗതികേട് കേരളം കാണുന്നതായും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കെതിരെ അക്കമിട്ട് വിമർശനമുന്നയിച്ചിട്ടും അൻവറിനെ തള്ളാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

നിലമ്പൂരിലെ എൽഡിഎഫ് കൺവെൻഷൻ ചരിത്രത്തിൽ ഇതുവരെയും ഇല്ലാത്ത പങ്കാളിത്തമാണ് കാണുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൻഭൂരിപക്ഷത്തോടെ ഇടതു സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രക്കുതിപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുവനേതാവ് എന്ന നിലയിൽ സ്വരാജിന് വലിയ അംഗീകാരം ജനങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ നിലമ്പൂരിലും കേരളത്തിലും ആവേശഭരിതമായ തെരഞ്ഞെടുപ്പ് ചിത്രമാണ് തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ മു‍ഴുവൻ സംഘർഷമാണ്. കോൺഗ്രസിന് അകത്ത് സംഘർഷം. കോൺഗ്രസും ലീഗും തമ്മിൽ സംഘർഷം. സംഘർഷങ്ങൾ പരിഹരിക്കാൻ ഇതുവരെ യുഡിഎഫിന് സാധിച്ചിട്ടില്ല. നവകേരള സദസുമായി ബന്ധപ്പെട്ട അൻവറിന്‍റെ ആരോപണത്തിൽ അദ്ദേഹം തെളിവ് കൊണ്ടുവരട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

03-Jun-2025