തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി മുൻ എംപി പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ വച്ചായിരുന്നു വിവാഹമെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് മൂന്നിനായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മഹുവ മൊയ്ത്ര ജർമനിയിൽ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും ദ ടെലിഗ്രാഫ് പുറത്ത് വിട്ടിട്ടുണ്ട്. ബിജു ജനതാദളിലെ പിനാകി മിശ്ര സുപ്രീം കോടതിയിലെ അഭിഭാഷകൻ കൂടിയാണ്. എന്നാൽ വിവാഹത്തെ കുറിച്ച് തൃണമൂൽ നേതാക്കൾ പ്രതികരിച്ചിട്ടില്ല.

കൃഷ്ണനഗറിൽ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര മുൻപ് ഡാനിഷ് സാമ്പത്തിക വിദഗ്ധനായ ലാർസ് ബ്രോർസനെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് വിവാഹമോചനം നേടിയിരുന്നു. പിവി അൻവറിൻറെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിനു പിന്നാലെ ഫെബ്രുവരി അവസാനം മഹുവ മൊയ്ത്ര കേരളത്തിൽ എത്തിയിരുന്നു. പാർട്ടി പ്രവർത്തനം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുമായി മൊയ്ത്ര കൂടിക്കാഴ്ച നടത്തി. അൻപതുകാരിയായ മഹുവ മൊയ്ത്രയുടെ വരൻ പിനികി മിശ്ര 65കാരനാണ്.

05-Jun-2025