ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായി: ശശി തരൂര്‍

 

രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂര്‍ കുറിച്ചു. ഹിന്ദിയിലാണ് ശശി തരൂര്‍ എക്‌സില്‍ കുറിപ്പിട്ടിരിക്കുന്നത്.

അതെസമയം, ഓപ്പറേഷന്‍ സിന്ദൂറിലുള്‍പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്ദാനംചെയതിട്ടുണ്ടെന്ന വാര്‍ത്ത വരുന്നത്. ഇത് തരൂരോ കോണ്‍ഗ്രസോ നിഷേധിച്ചിട്ടുമില്ല.

ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്.

09-Jun-2025