ഹേമ കമ്മിറ്റി: അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ അന്തിമ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ച പ്രത്യേക അന്വേഷണ സമിതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതിനു പിന്നാലെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നശേഷം അതിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ 35 കേസുകള്‍ എസ്‌ഐടി രജിസ്റ്റര്‍ ചെയ്തിരുന്നു.മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ 21 കേസുകള്‍ ഇതിനകം തന്നെ എസ്‌ഐടി ഒഴിവാക്കി. ബാക്കിയുള്ള 14 കേസുകളുടെ കാര്യത്തില്‍ കൂടി തീരുമാനമെടുത്ത ശേഷമാകും എസ്‌ഐടി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

09-Jun-2025