സത്യത്തെ അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ടതില്‍ യുപി സര്‍ക്കാര്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി സമാജ്‌വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അപകടത്തില്‍ 37 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.

എന്നാല്‍ 82 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് അഖിലേഷ് യാദവിന്റെ വിമര്‍ശനം. സത്യത്തെ അന്വേഷിക്കേണ്ടത് പ്രധാനമാണ്. അത് പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണ്. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

വ്യാജകണക്കുകള്‍ പുറത്തുവിട്ടവര്‍ പൊതുജനങ്ങളുടെ വിശ്വാസത്തിന് അര്‍ഹരല്ല. മരണത്തേക്കുറിച്ച് കളവുപറയാന്‍ ഒരാള്‍ക്ക് സാധിക്കുമെങ്കില്‍, കപട സാമ്രാജ്യത്തിന്റെ അധിപരായി കിരീടംചൂടാന്‍ അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അവരോട് ചോദ്യമുന്നയിക്കണമെന്നും അഖിലേഷ് പറഞ്ഞു.

10-Jun-2025