ഗ്രേറ്റ തുന്‍ബെര്‍ഗിനെ നാടുകടത്തി ഇസ്രയേല്‍

ഗാസയിലേക്ക് പോയ സഹായ കപ്പലില്‍ ഉണ്ടായിരുന്ന സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബെര്‍ഗിനെ ഇസ്രയേല്‍ അധികൃതര്‍ നാടുകടത്തി. അഷ്ഡോഡ് തുറമുഖത്ത് അവരുടെ കപ്പല്‍ നങ്കൂരമിടുകയും തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം, തുന്‍ബെര്‍ഗിനെയും മറ്റ് മൂന്ന് പേരെയും ഇസ്രയേല്‍ രാജ്യത്ത് നിന്ന് പുറത്താക്കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, നാല് ആക്ടിവിസ്റ്റുകള്‍ ഇസ്രയേല്‍ വിടാന്‍ സ്വമേധയാ സമ്മതിച്ചു, അതേസമയം എട്ട് പേര്‍ വിസമ്മതിച്ചു, തുടര്‍ന്ന് അവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഫ്രാന്‍സ് വഴി സ്വീഡനിലേക്ക് പോകുന്ന വിമാനത്തില്‍ തുന്‍ബര്‍ഗ് ഇരിക്കുന്നതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഫോട്ടോകളിലുണ്ട്.

മാഡ്‌ലീന്‍ എന്ന് പേരിട്ടിരിക്കുന്നതും ഇസ്രയേല്‍ ‘സെല്‍ഫി യാച്ച്’ എന്ന് വിളിക്കുന്നതുമായ കപ്പലിനെ ഇസ്രയേല്‍ നാവികസേന തടഞ്ഞിരുന്നു. 2007 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നാവിക ഉപരോധത്തെ വെല്ലുവിളിക്കുന്നതിനായി ദീര്‍ഘകാലമായി നടക്കുന്ന ഒരു പ്രചാരണത്തിന്റെ ഭാഗമാണ് ഫ്‌ലോട്ടില്ല.

ഹമാസ് ആക്രമണത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തുന്‍ബെര്‍ഗിനെയും മറ്റ് തടവുകാരെയും കാണിക്കാന്‍ ഇസ്രയേല്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും അവര്‍ അത് നിരസിച്ചുവെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.

കാറ്റ്സ് സംഘത്തെ ‘സെമിറ്റിക് വിരുദ്ധ ഫ്‌ലോട്ടില്ല അംഗങ്ങള്‍’ എന്ന് വിളിക്കുകയും പലസ്തീന്‍ നടപടികളുടെ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ അവഗണിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തനങ്ങളിലൂടെ ആഗോളതലത്തില്‍ അംഗീകാരം നേടിയ തുന്‍ബെര്‍ഗ്, അടുത്തിടെ പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണച്ച് ശബ്ദമുയര്‍ത്തി. മാഡ്‌ലീന്‍ യാത്രക്കാരെ ‘തട്ടിക്കൊണ്ടുപോയതിനെ’ അപലപിക്കാന്‍ അവര്‍ സ്വീഡിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

10-Jun-2025