തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്മെന്റ് ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതി രൂപീകരിക്കും
അഡ്മിൻ
തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്യും. തലസ്ഥാന നഗരിയിലൊരു മെട്രോ റെയില്‍ എന്നത് തിരുവനന്തപുരം നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മെട്രോ റെയില്‍ അലൈന്മെന്റ് ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതി രൂപീകരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്നതായിരിക്കും ഈ സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ശശി തരൂര്‍ എംപിയും പങ്കെടുത്തിരുന്നു. മെട്രോയെക്കുറിച്ചുള്ള നമ്മുടെ ദര്‍ശനം, ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുകയും നിര്‍മ്മാണ സമയത്തെ തടസ്സങ്ങള്‍ കുറയ്ക്കുകയും ചെയ്യുമ്പോള്‍ തന്നെ വരും തലമുറകളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുക എന്നതായിരിക്കണമെന്ന് ചര്‍ച്ചയക്ക് ശേഷം തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാന്‍ കഴിയുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.