ജമ്മു കശ്മീരിൽ മൂന്നാം കക്ഷി ഇടപെടലിനെതിരെ സിപിഐ എം

ജമ്മു കശ്മീരിൽ മൂന്നാം കക്ഷി ഇടപെടലിനെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി മുന്നറിയിപ്പ് നൽകി, പകരം ഇന്ത്യയും പാകിസ്ഥാനും നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനും ജമ്മു & കാശ്മീരിന്റെ സംസ്ഥാന പദവിക്കും സിപിഎം സമ്മർദ്ദം ചെലുത്തി.

“പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഭരണപരവും രാഷ്ട്രീയവും നയതന്ത്രപരവുമായ മുൻകൈകൾ ആവശ്യമാണ്. തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, സൈനിക ഓപ്ഷനുകൾ പരിമിതമാണ്. [ഓപ്പറേഷൻ സിന്ദൂരിനിടെ] ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നമ്മൾ ഇപ്പോൾ അത് അവസാനിപ്പിക്കണം. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിക്കണം, മൂന്നാം കക്ഷി ഇടപെടൽ ഉണ്ടാകരുത്. [യുഎസ് പ്രസിഡന്റ്] ഡൊണാൾഡ് ട്രംപിനെപ്പോലുള്ളവരെ നമ്മുടെ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുത്.” ശ്രീനഗറിലെ ടാഗോർ ഹാളിൽ നടന്ന പാർട്ടിയുടെ ഏകദിന കൺവെൻഷനിൽ സംസാരിക്കവേ എം എ ബേബി പറഞ്ഞു.

എംപിമാരായ അമ്രാ റാം, ബികാഷ് രഞ്ജൻ ബട്ടാചാര്യ, ജോൺ ബ്രിട്ടാസ്, എ എ അഹമ്മദ്, സു വെങ്കിടേശൻ, കെ. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ജമ്മു കശ്മീർ സന്ദർശിക്കുന്ന സിപിഐ (എം) പ്രതിനിധി സംഘത്തിൻ്റെ ഭാഗമാണ് എം എ .ബേബി.

2019-ൽ ആർട്ടിക്കിൾ 370-ലെ വ്യവസ്ഥകൾ റദ്ദാക്കുകയും ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തുകയും ചെയ്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച എം എ ബേബി, "കാശ്മീരിൽ ഭീകരതയ്‌ക്കെതിരെ പോരാടണമെങ്കിൽ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലൂടെ നഷ്ടപ്പെട്ട ജനാധിപത്യ അവകാശങ്ങൾ സംസ്ഥാന പദവിക്കൊപ്പം പുനഃസ്ഥാപിക്കണമെന്ന് നാം ഉറപ്പാക്കണം. നിയമാനുസൃതമായ ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് ജമ്മു കശ്മീർ ജനതയിൽ ആത്മവിശ്വാസം വളർത്തുന്നതിന് വഴിയൊരുക്കും, ഇത് പ്രദേശത്തെ സമാധാനത്തിന് അത്യാവശ്യമാണ്."- എന്ന് പറഞ്ഞു.

ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം, ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യവും രണ്ട് അയൽ രാജ്യങ്ങൾക്കിടയിൽ ഉയർന്നുവരുന്ന സംഘർഷവും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സിപിഐ (എം) ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ "സർക്കാർ പ്രതിപക്ഷത്തെ നേരിടാൻ മടിക്കുന്നതായി തോന്നുന്നു" എന്ന് അദ്ദേഹം ആരോപിച്ചു.

13-Jun-2025