എൻ്റെ വോട്ട് സ്വരാജിന്: ഷഹബാസ് അമൻ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. നിലമ്പൂരില്‍ നടക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതിനിര്‍ണായകമായ മത്സരമാണെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടികളുടെയും വ്യക്തികളുടെയും 'അഭിമാനം' അവിടെ വെല്ലുവിളിക്കപ്പെടുന്നുണ്ടെന്നും ഷഹബാസ് അമന്‍ പറഞ്ഞു.

എം സ്വരാജിനെ വിജയിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയമാനമുളള ഒന്നാക്കി മാറ്റാന്‍ കഴിയുമെന്നും ഈ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് സ്വരാജിനാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ച് മൂന്നാമതും തിരഞ്ഞെടുക്കപ്പെടാന്‍, സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയര്‍ത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ, പ്രകോപനപരമായോ അവഗണനയോടെയോ സമീപിക്കാതിരുന്നാല്‍ മതിയെന്നും ഷഹബാസ് അമന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഷഹബാസ് അമന്റെ പ്രതികരണം.

14-Jun-2025