കേരളത്തിൽ ഇന്ന് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്.

കേരളാ തീരത്ത് കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും, ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും, മറ്റെല്ലാ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്റെ ആനയാടി സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ പള്ളിക്കല്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

15-Jun-2025