ഫാല്‍ക്കണ്‍ ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ദസ്സോയും റിലയന്‍സും

ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സോ ഏവിയേഷനും അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് എയ്‌റോസ്ട്രക്ചറും ചേര്‍ന്ന് ഇന്ത്യയില്‍ ഫാല്‍ക്കണ്‍ ജെറ്റ് വിമാനങ്ങള്‍ നിര്‍മ്മിക്കും. നാഗ്പൂരിലെ ദസ്സോ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡ് (ഡിആര്‍എഎല്‍) കേന്ദ്രത്തിലാണ് ഫാല്‍ക്കണ്‍ 2000 ബിസിനസ് എക്‌സിക്യൂട്ടീവ് വിമാനങ്ങള്‍ നിര്‍മിക്കുക. 2028 ഓടെ ആദ്യത്തെ വിമാനം നാഗ്പൂരിലെ ഫെസിലിറ്റിയില്‍ നിര്‍മിക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം 24 ജെറ്റ് വിമാനങ്ങളാണ് നിര്‍മിക്കുക.യുഎസ്, ഫ്രാന്‍സ്, കാനഡ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ബിസിനസ് ജെറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഈ രാജ്യങ്ങളെ വെല്ലുവിളിക്കാന്‍ തന്നെയാണ് ദസ്സോ-റിലയന്‍സ് കൂട്ടുകെട്ടിന്റെ തീരുമാനം. ഫ്രാന്‍സിന് പുറത്ത് ഇതാദ്യമായാണ് ദസ്സോ, ഫാല്‍ക്കണ്‍ ജെറ്റുകള്‍ നിര്‍മിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച ഫാല്‍ക്കണ്‍ 2000 രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും നിര്‍മ്മാണ മികവിന്റെയും അഭിമാനകരമായ പ്രതീകമായി നിലകൊള്ളുമെന്ന് റിലയന്‍സ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ അനില്‍ അംബാനി പറഞ്ഞു.

19-Jun-2025