ജസ്റ്റിസ് ലോയ മരിച്ചത് ആണവ വിഷപ്രയോഗത്തിലൂടെ?
അഡ്മിൻ
സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയ മരിച്ചത് ആണവ വിഷപ്രയോഗത്തിന്റെ ഫലമായാണെന്ന് ആരോപിച്ച് ഹര്‍ജി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്നത് ജസ്റ്റിസ് ബി എച്ച് ലോയ ആയിരുന്നു. പുതിയ ആരോപണവുമായി ബോംബെ ഹൈക്കോടതിയുടെ പുണെ ബെഞ്ചില്‍ അഭിഭാഷകനായ സതീഷ് ഉകെയാണ് ഹര്‍ജി നല്‍കിയത്.
തന്റെ ജീവന് അപകടത്തിലാണെന്നും അഭിഭാഷകന് സതീഷ് ഉകെ ഹര്‍ജിയില്‍ പറഞ്ഞു. ദുരൂഹസാഹചര്യത്തില്‍ മരിച്ച അഭിഭാഷകരായ ശ്രീകാന്ത് ഖണ്ഡല്‍ക്കര്‍, പ്രകാശ് തോംബ്രെ എന്നിവര്‍ തന്നോട് ജഡ്ജി ലോയയുടെ മരണം റേഡിയോ ആക്ടീവ് ഐസോടോപ്പ് വിഷപ്രയോഗം വഴിയാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് സതീഷ് വെളിപ്പെടുത്തി. ഗുരുതരമായ ഈ ആരോപണങ്ങളോട് ബിജെപി അധ്യക്ഷന്‍ അമിത്ഷായോ, ബിജെപി കേന്ദ്രനേതൃത്വമോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അമിത് ഷാ 2015 മാര്‍ച്ചില്‍ നടത്തിയ മൂന്ന് ദിവസത്തെ നാഗ്പുര്‍ സന്ദര്‍ശനത്തിനിടെ ആണവോര്‍ജ കമീഷന് ചെയര്മാന് രത്തന്‍കുമാര്‍ സിന്‍ഹയെ കണ്ടിരുന്നതായും ഹര്‍ജിയില്‍ ആരോപിച്ചു. കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗികരേഖകളെല്ലാം നീക്കിയിട്ടുണ്ട്. ജഡ്ജി ലോയ ആണവവിഷപ്രയോഗത്തിനു വിധേയനായെന്നതിലേക്ക് സൂചന നല്‍കുന്നതാണ് അമിത്ഷാ–രത്തന്‍ സിന്‍ഹ കൂടിക്കാഴ്ച. ജഡ്ജി ലോയയുമായി താന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിട്ടുണ്ടെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകരായിരുന്ന ഖണ്ഡല്ക്കറും തോംബ്രയും നിര്‍ദേശിച്ച പ്രകാരമായിരുന്നു അത്. ജഡ്ജി ലോയ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. സൊഹ്റാബ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നവിസില്നിന്ന് ഭീഷണി നേരിടുന്നതായും ജഡ്ജി ലോയ പറഞ്ഞു. ദൂരൂഹസാഹചര്യത്തില്‍ കാണാതായ ഖണ്ഡല്ക്കറുടെ മൃതദേഹം രണ്ട് ദിവസത്തിനുശേഷം കോടതിപരിസരത്തുനിന്ന് കണ്ടെത്തി. 2016 മേയില്‍ നാഗ്പുരില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് തോംബ്രെ മരിച്ചത്. തന്റെ ഓഫീസിനുനേരെയും ആക്രമണം ഉണ്ടായെന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും സതീഷ് പറഞ്ഞു.
അമിത് ഷാ ഗുജറാത്ത് ആഭ്യന്തരസഹമന്ത്രിയായിരിക്കെ, 2005 നവംബര്‍ 26നാണ് സൊഹ്റാബ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സൊഹ്റാബ്ദീന്റെ സഹോദരന് റുബാബ്ദ്ദീന് നടത്തിയ നിയമയുദ്ധത്തെ തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തതും കേസിന്റെ വിചാരണ ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയതും. ഒരേ ജഡ്ജിതന്നെ കേസ് ആദ്യവസാനം കേള്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. ജെ ടി ഉത്പല്‍ എന്ന ജഡ്ജിയാണ് കേസ് ആദ്യം പരിഗണിച്ചത്. ഒരു വര്‍ഷത്തോളം കേസ് കേട്ട ഉത്പല്‍ പ്രധാന പ്രതിയായ അമിത് ഷാ ഒരിക്കലും ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ചു. 2014 ജൂണ്‍ ആറിന് കേസ് പരിഗണിച്ചപ്പോഴും അമിത് ഷാ എത്തിയില്ല. ജൂണ്‍ 20 ന് ഷാ നിര്‍ബന്ധമായും എത്തണമെന്ന് ഉത്തരവിട്ടു. അന്നും എത്തിയില്ല. കേസ് ജൂണ്‍ 26 ലേക്ക് മാറ്റിക്കൊണ്ട് ഷാ നിര്‍ബന്ധമായും എത്തണമെന്ന് ഉത്പല്‍ ആവര്‍ത്തിച്ചു. ജൂണ്‍ 25ന് ഉത്പലിനെ സ്ഥലംമാറ്റി. അപ്പോള്‍ കേന്ദ്രത്തില്‍ ഭരണമാറ്റം വന്നു. തുടര്‍ന്ന് നിയമിതനായ ലോയ, 2014 ഒക്ടോബര്‍ 31 ന് കേസ് പരിഗണിച്ചപ്പോള്‍ അമിത് ഷാ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ചു. കേസ് ഗൗരവത്തില്‍ നീങ്ങവെയാണ് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലാണ് ലോയയുടെ അന്ത്യം. പകരം വന്ന ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു.
പുതിയ ആരോപണം പുറത്തുവന്നതോടെ ഹര്‍ജിക്കാരനെ നിശബ്ദനാക്കാനുള്ള നീക്കവുമായി ബിജെപി നേതൃത്വം രംഗത്തുവന്നെന്നാണ് സൂചനകള്‍. അമിത് ഷായ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഏറ്റുപിടിക്കാനുള്ള ശക്തികളൊന്നും ബിജെപിയ്ക്കകത്ത് ഇല്ലാത്തത് കൊണ്ട് സംഘടനാപരമായ നടപടികളോ, വിശദീകരണങ്ങളോ വേണ്ടിവരില്ലെന്നാണ് കേന്ദ്രനേതൃത്വത്തിലെ ഷാലോബി വ്യക്തമാക്കുന്നത്.
23-Nov-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ