7-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേളയ്ക്ക് തുടക്കമായി

തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽദായകരായും തൊഴിൽ സൃഷ്ടാക്കളായും കുട്ടികളെ മാറ്റണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കൃഷ്ണപുരം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന 7-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര സാങ്കേതികവിദ്യ ഇന്ന് സമൂഹത്തിലെ പല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാണ്.

കൃഷി, ആരോഗ്യം, വ്യവസായം ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് നൂതനാശയങ്ങൾ മുന്നോട്ടുവയ്ക്കാനുള്ള എല്ലാവിധ പ്രോത്സാഹനവും നൽകുന്ന വിധത്തിലാണ് ഇന്ന് വിദ്യാഭ്യാസ മേഖല എത്തി നിൽക്കുന്നത്. കേരളത്തിലെ പോളിടെക്നിക്കുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. വിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തി മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ അഡ്വ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പ്രതിഭാശാലികളായ നിരവധി കുട്ടികൾ ഉണ്ട്. ടെക്നോളജിയുടെ എല്ലാ നല്ല വശങ്ങളും ഉപയോഗിച്ച് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും എംഎൽഎ പറഞ്ഞു.

700 ഓളം കുട്ടികൾ പങ്കെടുക്കുന്ന ശാസ്ത്ര സാങ്കേതിക മേള ഓണാട്ടുകരയുടെ ചരിത്ര പൈതൃകത്തിന്റെ ഭാഗമായ കൃഷ്ണപുരം ഗവൺമെൻ്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒക്ടോബർ 17, 18, 19 (വെള്ളി, ശനി, ഞായർ) തീയതികളിലായാണ് നടക്കുന്നത്.

സംസ്ഥാനത്തെ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നിന്നും, ഐ എച്ച് ആർ ഡി യുടെ അധീനതയിലുള്ള 9 ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂ‌ളുകളിൽ നിന്നുമുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയിൽ, തൽസമയ മത്സരങ്ങൾ, നിശ്ചല മാതൃകകൾ, പ്രവർത്തന മാതൃകകൾ എന്നിവയും, 48 സ്‌കൂളുകളുടെ പ്രദർശന സ്റ്റാളുകളും ഉണ്ടാകും. ഇതിന് പുറമെ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വൻകിട കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രദർശന സ്റ്റാളുകളും മേളയ്ക്ക് മാറ്റ് കൂട്ടും. ഉദ്ഘാടന ചടങ്ങിൽ ഈ വർഷത്തെ ശാസ്ത്രമേളയുടെ ലോഗോ രൂപകല്പന ചെയ്ത കോക്കൂർ റ്റി എച്ച് എസ് വിദ്യാർത്ഥി അഭിരാമി രാജേഷിനെ അനുമോദിച്ചു. ഒക്ടോബർ 19 ന് മേള സമാപിക്കും.

18-Oct-2025