സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടി ആര്‍എസ്എസ് പരിപാടിയാക്കുകയാണ് ഗവര്‍ണര്‍: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
രാജ്ഭവനിലെ ആര്‍എസ്എസ് ചിത്ര വിവാദത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . മന്ത്രി വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. മന്ത്രി നമ്മുടെ നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു.
മന്ത്രി വി ശിവന്‍കുട്ടി ഭരണഘടനാപരമായ രീതി ലംഘിച്ചുവെന്നാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ഔദ്യോഗിക ചടങ്ങില്‍ ആര്‍എസ്എസ് ചിഹ്നം പ്രദര്‍ശിപ്പിച്ച രാജ്ഭവനാണ് ഭരണഘടനാപരമായ രീതികളെ ലംഘിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ ആരോപിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ പൊതുവില്‍ അംഗീകരിച്ച ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.
ഗവര്‍ണര്‍ നടത്തുന്ന പരിപാടികളിലോ പൊതുപരിപാടികളിലോ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ കൊടികളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ രൂപപ്പെട്ട് കഴിഞ്ഞിട്ടും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടി ആര്‍എസ്എസ് പരിപാടിയാക്കുകയാണ് ഗവര്‍ണര്‍. ആര്‍എസ്എസ് അടയാളങ്ങളിലേക്ക് സര്‍ക്കാര്‍ പരിപാടികള്‍ തിരുകി കയറ്റുകയാണ്.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കാവിക്കൊടി പിടിച്ച യുവതിയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷി മന്ത്രി രാജ്ഭവനിലെ പരിപാടികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. സാധാരണമായ നിലപാടാണ് അതെന്ന് അന്ന് തന്നെ ചൂണ്ടികാണിച്ചതുമാണ്. പൊതു പരിപാടികളില്‍ അത്തരത്തിലുള്ള ചിഹ്നം ഉണ്ടാകില്ലായെന്ന് ഗവര്‍ണറും രാജ്ഭവനും അറിയിച്ചിരുന്നതാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.