വൈക്കത്ത് സണ്ണി എം.കപിക്കാടിനെ സ്ഥാനാർഥിയാക്കുന്നതിൽ യുഡിഎഫ്പ്രാദേശിക നേതൃത്വത്തിന് എതിർപ്പ്
അഡ്മിൻ
വൈക്കത്ത് സണ്ണി എം.കപിക്കാടിനെ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പ് അറിയിച്ച് യുഡിഎഫ് പ്രാദേശിക നേതൃത്വം.സണ്ണി എം. കപിക്കാടിനെ സ്ഥാനാർഥിയാക്കിയാൽ സൈബർ ഇടങ്ങളിൽ എതിർപാർട്ടിക്കാർ വിമർശനങ്ങളെ ആയുധമാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
സ്ഥാനാർഥിത്വം സംബന്ധിച്ച് വൈക്കം നിയോജകമണ്ഡലത്തിൽപ്പെട്ട വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികൾ പ്രമേയം പാസാക്കി. സണ്ണി എം.കപിക്കാട് മഹാത്മഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ കയറ്റണം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് യുഡിഎഫിൻ്റെ നയത്തിന് എതിരാണെന്ന് പ്രമേയത്തിൽ പറയുന്നു.
ഗാന്ധിയൻ ദർശനങ്ങളെ ആദരിക്കുകയും പിന്തുടരുകയും എല്ലാ ജാതി മതസമൂഹങ്ങളോടും സഹിഷ്‌ണുതയും ഐക്യവും നിലനിർത്തുന്ന ആളായിരിക്കണം സ്ഥാനാർഥി. പാർട്ടി പ്രവർത്തകരുടെ വിശ്വാസവും അംഗീകാരവും നേടിയ ആളാകണം. ഇദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന ആളാണ് എന്നും ബ്ലോക്ക് കമ്മിറ്റികൾ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.