വര്‍ഗീയ വാദികളെയും തീവ്രവാദികളെയും എതിര്‍ത്താണ് എല്‍ഡിഎഫ് ഇത്രയും വോട്ട് നേടിയത്: എംവി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റർ . എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകളാണെന്നും പരാജയം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുത്താനുണ്ടെങ്കില്‍ തിരുത്തുമെന്നും എല്‍ഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സാഹചര്യം ഉള്ള മണ്ഡലമല്ല കാലങ്ങളായി നിലമ്പൂര്‍. പുറമെ നിന്നുള്ള വോട്ടുകള്‍ ലഭിച്ചപ്പോഴാണ് ജയിക്കാന്‍ കഴിഞ്ഞത്. വോട്ട് കുറഞ്ഞില്ലെങ്കിലും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത് വര്‍ഗീയ ശക്തികളുടെ വോട്ട് കൊണ്ടാണെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനായില്ല. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 1470 വോട്ട് കുറഞ്ഞു. ബിജെപി വിജയസാധ്യതയില്ല എന്ന് പറഞ്ഞ് യുഡിഎഫിന് വോട്ട് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.വര്‍ഗീയ വാദികളെയും തീവ്രവാദികളെയും എതിര്‍ത്താണ് എല്‍ഡിഎഫ് ഇത്രയും വോട്ട് നേടിയത്. എല്‍ഡിഎഫിന് കിട്ടിയത് മതനിരപേക്ഷ വോട്ടുകള്‍. മതനിരപേക്ഷ വാദികളുടെ പിന്തുണ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചു- ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

23-Jun-2025