ഡികെ ശിവകുമാർ ഉടൻ കർണാടക മുഖ്യമന്ത്രിയാകും; കോൺഗ്രസ് എംഎൽഎ എച്ച്.എ. ഇഖ്ബാൽ ഹുസൈൻ

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് വരുന്ന രണ്ട് മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചേക്കുമെന്ന് കർണാടക കോൺഗ്രസ് എംഎൽഎ എച്ച്.എ. ഇഖ്ബാൽ ഹുസൈൻ. ഈ വർഷം അവസാനം കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എം എൽ എയുടെ പ്രതികരണം.

സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ ഈ വർഷം മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരണത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ടെന്ന് ഹുസൈൻ ചൂണ്ടിക്കാട്ടി. 2023 മെയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിനുശേഷം, മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു.

എന്നാൽ ഡി കെ ശിവകുമാറിന് അന്ന് ഉപമുഖ്യമന്ത്രി സ്ഥാനമായിരുന്നു ലഭിച്ചത്. ആ സമയം “റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുലയും പാർട്ടി നേതാക്കൾ നിർദേശിച്ചു. ഇത് പ്രകാരം ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. ഇത് ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ എം എൽഎ യുടെ ഈ പുതിയ പ്രസ്താവന കർണാടക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

29-Jun-2025