കേരളത്തിന് അധിക അരിവിഹിതം ; ആവശ്യം കേന്ദ്രം തള്ളി

കേരളത്തിന് പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെഎസ്‌കെടിയു. ഇന്നും നാളെയും കെഎസ്‌കെടിയു ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും വ്യക്തമാക്കി.

മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് റേഷനരി നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം ജനവിരുദ്ധമാണ്. ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള ഈ ജനവിരുദ്ധ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഓണത്തിന് എല്ലാ വിഭാഗം റേഷന്‍ ഗുണഭോക്താക്കള്‍ക്കും കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യണമെന്നും മുടങ്ങിക്കിടക്കുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതങ്ങള്‍ ലഭ്യമാക്കണമെന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

എന്നാല്‍ നിഷേധാത്മക സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊണ്ടത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളോട് അനുകൂല സമീപനവും കേരളത്തോട് ചിറ്റമ്മനയവും കാണിക്കുന്ന കേന്ദ്രമനോഭാവം ഫെഡറല്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

04-Jul-2025