ഇറാന്‍ നാവികസേന കപ്പല്‍ ഐറിസ് ദേനയില്‍ തിരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തന നടപടികള്‍ തുടരുന്നു

അമേരിക്കന്‍ ആക്രമണം നേരിട്ട ഇറാന്‍ നാവികസേന കപ്പല്‍ ഐറിസ് ദേനയില്‍ തിരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തന നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ നാവികസേന. അപായ സന്ദേശം ലഭിച്ചതിന് പിന്നാലെതന്നെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തെന്നും ഇന്ത്യന്‍ നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെയാണ് ഇറാനിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നതായുള്ള വിവരം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ സമുദ്ര നിരീക്ഷണ വിമാനം അവിടേക്ക് പുറപ്പെട്ടു. ഐഎന്‍എസ് തരംഗിണിയെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു. ഇന്ത്യന്‍ നാവികസേന സ്ഥലത്തെത്തുമ്പോള്‍ തന്നെ ശ്രീലങ്കന്‍ നാവികസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎന്‍എസ് ഇക്ഷാക്കും കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. നിലവില്‍ ശ്രീലങ്കയുമായി ചേര്‍ന്ന് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു – ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.

അതേസമയം, വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഇറാനിയന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായാണ് എസ് ജയശങ്കര്‍ സംസാരിച്ചത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിലെ രാജ്യത്തിന്റെ അനുശോചനം എസ് ജയശങ്കര്‍ അറിയിച്ചു.

05-Mar-2026