ഗവർണ്ണറുടെ അധികാരം സംബന്ധിച്ച പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗം അംഗീകാരം നൽകി.

ഇതിൽ പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം വാല്യം പാഠപുസ്തകത്തിലെ 'ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം' എന്ന അധ്യായത്തിലാണ് ഗവർണ്ണറുടെ അധികാരങ്ങളും ചുമതലകളും സവിസ്തരം പ്രതിപാദിക്കുന്നത്.കൂടാതെ അടയിന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധി ഘട്ടം, ഇലക്ടറർ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി, റിസോർട്ട് പൊളിറ്റിക്‌സ് എന്നിവ സംബന്ധിച്ചും ഈ അധ്യായത്തിൽ വിശദീകരിക്കുന്നു.

അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്കു മുമ്പു തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരും.ഹയർ സെക്കണ്ടറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹയർ സെക്കണ്ടറി ക്ലാസ്സ് മുറികളിൽ വിശദമായ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ശേഖരിക്കുവാനും ജില്ലാ സംസ്ഥാനതലങ്ങളിൽ ശിൽപശാലകൾ നടത്തി പാഠപുസ്തക രചന ആരംഭിക്കുവാനും കരിക്കുലം കമ്മിറ്റി അനുമതി നൽകി.ദേശീയ പഠനനേട്ട സർവ്വേയിൽ സംസ്ഥാനത്തിന് മികച്ച നേട്ടം കൈവരിക്കുന്നതിന് പങ്കു വഹിച്ച കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗം അഭിനന്ദിച്ചു.

04-Jul-2025