ഓഖി ദുരന്തത്തിന‌് ഒരുവർഷം: തളരില്ല ഈ ജീവിതങ്ങൾ; സർക്കാർ കൂടെയുണ്ട‌്
അഡ്മിൻ
തിരുവനന്തപുരം : 143 പേരുടെ ജീവൻ കടലെടുത്തപ്പോൾ, അവരുടെ കുടുംബങ്ങളുടെ ഭാവിജീവിതം സുരക്ഷിതമാക്കാനുള്ള തീവ്രശ്രമമാണ‌് സർക്കാർ ഏറ്റെടുത്തത‌്. 52 പേരുടെ മൃതദേഹമാണ‌് കണ്ടെത്തിയത‌്. ഇവരുടെ കുടുംബങ്ങൾക്ക‌് സംസ്ഥാന സർക്കാരിന്റെ 20 ലക്ഷവും, കേന്ദ്ര ദുരിതാശ്വാസ നിധിയിൽനിന്ന‌് രണ്ടുലക്ഷവും അടക്കം 22 ലക്ഷം രൂപ സഹായം ഉറപ്പാക്കി. മൃതദേഹങ്ങൾ കണ്ടെത്താനാകാത്തതിനാൽ 91 പേർ കാണാതായവരുടെ പട്ടികയിലാണ‌്. നിലവിലുള്ള നിയമപ്രകാരം കാണാതായവരെ മരിച്ചുപോയവരായി കണക്കാക്കി ആനുകൂല്യം നൽകുന്നതിന്ഏഴുവർഷം കഴിയണം. എന്നാൽ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, മരിച്ചവരുടെ കുടുംബത്തിന് ലഭ്യമായ എല്ലാസഹായങ്ങളും മൂന്നുമാസത്തിനുള്ളിൽ കാണാതായവരുടെ കുടുംബങ്ങൾക്കും ലഭ്യമാക്കി. 20 ലക്ഷം രൂപയാണ‌് നൽകിയത‌്. കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത‌്.
അടിയന്തര സഹായം 114032 പേർക്ക‌്
ദുരന്തം ഉണ്ടായ ഉടൻ അടിയന്തിര സഹായമായി 2000 രൂപവീതം 114032 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അനുവദിച്ചു. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ കടലിൽ പോകാനാകാത്ത മുഴുവൻ തൊഴിലാളി കുടുംബങ്ങളിലേക്കും സഹായമെത്തി. ഒമ്പത് തീരദേശ ജില്ലകളിലായി 22.80 കോടി രൂപ വിതരണം ചെയ‌്തപ്പോൾ കേന്ദ്ര സഹായം വെറും 1.04 കോടി രൂപമാത്രമായിരുന്നു.
വാടകവീട് സ്വന്തം വീടുപോലെ
ഓഖിയിൽ പൂർണ്ണമായും വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്നും സ്വന്തം വീട്ടിൽ കഴിയുമ്പോലെയാണ‌് വാടക വീട്ടിൽ കഴിയുന്നത‌്. വാടക നൽകാത്തിനാൽ വീട്ടിൽനിന്ന‌് ഇറക്കിവിടുമെന്ന ഭീതി ഇവർക്കില്ല. 72 കുടുംബങ്ങൾക്കും വീടിന‌് പ്രതിമാസം3000 രൂപവീതം വാടക നൽകുന്നത‌് സംസ്ഥാന സർക്കാരാണ‌്. ഇതിനായി 26.64 കോടിനീക്കിവച്ചു. ഇവർ എന്നും വാടക വീട്ടിൽ കഴിയേണ്ടവരില്ലെന്ന ദൃഢനിശ്ചയവും സർക്കാർ ഏറ്റെടുത്തു. സ്ഥലവും വീടും വാങ്ങുന്ന പദ്ധതിക്ക‌് 7.62 കോടി രൂപ അനുവദിച്ചു. പദ്ധതി പ്രവർത്തനം ആരംഭിച്ചു. ഇവർ സ്വന്തം വീട്ടിലേക്ക‌് മാറുന്നതുവരെ സംരക്ഷണം സർക്കാരിന്റേതായിരിക്കും. ഭാഗികമായി വീട് നഷ്ടപ്പെട്ട 480 മത്സ്യത്തൊഴിലാളി ഭവനങ്ങൾ പുനരുദ്ധരിക്കാൻ 2.02 കോടിയുംഅനുവദിച്ചു. 15000 മുതൽ 50000 രൂപവരെയാണ‌് സഹായം.
കടലിലും ആംബുലൻസ‌് സൗകര്യം
കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി മൂന്ന‌് മറൈൻ ആംബുലൻസുകൾ കൊച്ചി കപ്പൽശാല മുഖേന ലഭ്യമാക്കാനും സർക്കാർ നടപടി തുടങ്ങി. കപ്പൽശാല സ്വന്തം സാങ്കേതിക വിദ്യയിൽ രൂപകൽപ്പന ചെയ‌്ത‌് നിർമ്മിക്കുന്ന ആംബുലൻസുകളുടെ നിർമ്മാണ ജോലികൾ ഡിസംബറിൽ തുടങ്ങും. കഴിഞ്ഞ യുഡിഎഫ‌് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതാണ‌് മറൈൻ ആംബുലൻസ‌്. രണ്ടുകോടി നീക്കിവച്ചെങ്കിലും ഒന്നും നടന്നില്ല. എൽഡിഎഫ‌് സർക്കാർ ചുമതലയേറ്റതോടെ പദ്ധതി വീണ്ടും സജീവമായി. ഇതിനിടയിൽ അപ്രതീക്ഷിതമായി എത്തിയ ഓഖി ദുരന്തം സൃഷ്ടിച്ച ആഘാതത്തിന്റെ വിലയിരുത്തലിൽ ആംബുലൻസുകളുടെ എണ്ണം മൂന്നായി ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. സർക്കാരിന്റെ ആത്മാർത്ഥയെ അഭിനന്ദിച്ച കൊച്ചി കപ്പൽശാലയും ഭാരത‌് പെട്രോളിയവും കോർപറേഷനും ആംബുലൻസിന്റെ ധനസഹായം അനുവദിച്ചിട്ടുണ്ട‌്.
തൊഴിലുപകരണങ്ങളും സർക്കാർ വക
ഓഖിയിൽ മത്സ്യബന്ധനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നത‌് അഞ്ചുഘട്ടങ്ങളായി 6.76 കോടിയാണ‌് . ഇതിൽ 4.73 കോടി നൽകിക്കഴിഞ്ഞു. ബാക്കി 2.03 കോടി രൂപയുടെ വിതരണം ആരംഭിച്ചു. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം പരമ്പരാഗത വള്ളമോ വലയോ നഷ്ടപ്പെട്ടാൽ 7500 രൂപയാണ‌് നഷ്ടപരിഹാരമായി അനുവദിക്കുക. എന്നാൽ, ഓഖി ദുരന്തത്തിലെ നാശനഷ്ടങ്ങൾക്ക‌് നഷ്ടത്തിന‌് തുല്യമായ തുക നൽകാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. രജിസ‌്റ്റർ ചെയ‌്ത യാനങ്ങൾക്കുമാത്രമേ നാശനഷ്ടത്തിന‌് അർഹതയുള്ളൂവെന്ന വ്യവസ്ഥയിലും ഇളവു നൽകി. ഇനി യാനങ്ങൾ രജിസ‌്റ്റർ ചെയ്യപ്പെട്ടിരിക്കണമെന്ന വ്യവസ്ഥമാത്രം നിർബന്ധമാക്കി, നാശനഷ്ടങ്ങളെല്ലാം പൂർണമായും പരിഹരിക്കുകയായിരുന്നു.
ലൈഫ് ജാക്കറ്റും സാറ്റ‌്‌ലൈറ്റ‌് ഫോണും
തൊഴിലാളികളുടെ സുരക്ഷക്കായി ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യാൻ ഓഖി ഫണ്ടിൽനിന്ന‌് 6.10 കോടിയാണ‌് നീക്കിവച്ചത‌്. ആദ്യഘട്ടത്തിൽ 40000 പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ‌് ജാക്കറ്റ‌് ലഭിക്കുക. 15000 മത്സ്യബന്ധന യാനങ്ങൾക്ക് നാവിക് നൽകുന്നതിന് യൂണിറ്റൊന്നിന് 10620 രൂപ നിരക്കിൽ 15.93 കോടിയാണ‌് ഓഖി ഫണ്ടിൽനിന്ന‌് അനുവദിച്ചത‌്. ഇതോടൊപ്പം ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നൽകുന്നുണ്ട‌്. മത്സ്യത്തൊഴിലാളികൾ തമ്മിൽ ആശയവിനിമയം നടത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനും ബിഎസ്എൻഎൽ മുഖേന 1000 സാറ്റലൈറ്റ് ഫോണുകളാണ‌് നൽകുക. 36 നോട്ടിക്കൽ മൈലിൽ കൂടുതൽ ദൂരത്തേക്ക് പോകുന്ന തെരഞ്ഞെടുക്കപ്പെട്ട 1000 മത്സ്യത്തൊഴിലാളികൾക്കാണ‌് ആദ്യഘട്ട സുരക്ഷ ഉറപ്പാക്കുക.
കേരളത്തിന‌് സ്വന്തം കടൽസൈന്യം
പ്രത്യേക പരിശീലനം ലഭ്യമാകുന്ന 900 പേർ അടങ്ങുന്ന കടൽ സുരക്ഷാ സംഘങ്ങൾ ഇനി മത്സ്യത്തൊഴിലാളികളുടെ രക്ഷയ‌്ക്ക‌് എത്തും. ജില്ലാതലത്തിൽ ഇവരുടെ തെരഞ്ഞെടുപ്പ‌് ആരംഭിച്ചു. 7.15 കോടിയാണ‌് ഇതിനായി നീക്കിവച്ചത‌്. 60 മത്സ്യഗ്രാമങ്ങളിലും സ്ഥിരം സുരക്ഷാ സംഘമാണ‌് സജ്ജമാകുന്നത‌്. ഒരു യാനത്തിൽ പരശീലനം ലഭിച്ച മൂന്നുപേർ വീതമുള്ള അഞ്ചുസംഘങ്ങൾ ഓരോ ഗ്രാമത്തിലും ഉറപ്പാക്കും. യാനത്തിന്റെ വാടക, ഇന്ധനച്ചെലവ‌്, തൊഴിലാളിക്ക‌് ദിവസ വേതനം പ്രതിദിനം 700 രൂപ എന്നിവ ഫിഷറീസ‌് വകുപ്പ‌് വഹിക്കും. തൊഴിലാളികളുടെ സുരക്ഷ മാത്രമല്ല കേരളത്തിന്റെ സുരക്ഷാ ചുമതലകൂടിയാണ‌് കടലിന്റെ സൈന്യം ഏറ്റെടുക്കുന്നത‌്.
ഭാവിതലമുറയ‌്ക്കും തണൽ
ദുരന്തത്തിൽ മരണപ്പെടുകയും കാണാതാവുകയും ചെയ്ത 318 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എൽകെജി മുതൽ ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമായി സർക്കാർ നൽകും. ഇതിനായി ഈവർഷം 56.95 കോടി രൂപ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക‌് നൽകി. 2037വരെ നീളുന്ന പദ്ധതിയാണിത‌്. ബിരുദമോ, പ്രൊഫഷണൽ കോഴ‌്സോ പാസായവർക്ക‌് ജോലി ഉറപ്പാക്കുന്നതിനുള്ള തൊഴിൽ പരിശീലനവും നൽകും. മരണപ്പെടുകയും കാണാതാവുകയും ചെയ്ത 42 മത്സ്യത്തൊഴിലാളികളുടെ വിധവകൾക്ക‌് മത്സ്യഫെഡിന്റെ മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയിൽ ജോലി നൽകി.
ഫൈബർ ബോട്ടുകൾക്ക‌് എൻജിൻ
ഓഖിയിൽ അകപ്പെട്ട ഫൈബർ ബോട്ടുകളിൽനിന്ന‌് നഷ്ടപ്പെട്ട എൻജിനുകൾക്ക‌് പകരം നൽകുമെന്ന കേന്ദ്ര വാഗ‌്ദാനം പരിമിതപ്പെടുത്തിയപ്പോൾ, ആ ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുത്തു. 120 ബോട്ടുകൾക്കാണ‌് പുതിയ എൻജിൻ ലഭ്യമാക്കുന്നത‌്. ദുരന്തത്തിന്റെ നാശത്തെക്കുറിച്ച‌് പഠിക്കാനെത്തിയ കേന്ദ്രസംഘം എൻജിന‌് ആവശ്യമായ മുഴുവൻ തുകയും കേന്ദ്ര സർക്കാരിന്റെ നീല വിപ്ലവം പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്ന‌് പ്രഖ്യാപിച്ചു. 9.88 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 1.94 കോടി രൂപ മാത്രമാണ‌് കേന്ദ്രസഹായം. ബാക്കി തുക പൂർണമായും സംസ്ഥാനം ഓഖി ഫണ്ടിൽനിന്ന‌് വഹിക്കുന്നു.
ദുരന്തമേഖയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് തൊഴിൽ നൽകാൻ , വിഴിഞ്ഞത്ത് നാലുകോടി രൂപ അടങ്കലിൽ മത്സ്യസംസ്കരണ യൂണിറ്റും സീഫുഡ് കിച്ചനും ഉൾപ്പെടുന്ന പദ്ധതിയും പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ തുകയും വിവിധ പദ്ധതികൾക്കായി തന്നെയാണ‌് ചെലവഴിക്കുന്നതെന്ന‌് ഉറപ്പാക്കാനായി ചീഫ‌് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി കൃത്യമായി പദ്ധതി അവലോകനം നടത്തുന്നുണ്ട‌്.
29-Nov-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ